ദുരിതത്തിലായത് യാത്രക്കാര്‍

ദുരിതത്തിലായത് യാത്രക്കാര്‍

കറുകുറ്റിയില്‍ ട്രെയ്ന്‍ അപകടത്തില്‍പെട്ടതിനു ശേഷം തീവണ്ടികളുടെ വേഗതയില്‍ കടുത്ത നിയന്ത്രണമാണ് റെയ്ല്‍വെ വരുത്തിയിരിക്കുന്നത്. റെയ്ല്‍വെ പാളങ്ങളില്‍ ജീവനക്കാരുടെ കാര്യക്ഷമതയുടെ പ്രശ്‌നം കൊണ്ട് മാത്രം നിരവധി പാളിച്ചകളാണ് അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയത്. പാളത്തില്‍ വിള്ളലുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന് ആരോപണങ്ങളുമുയര്‍ന്നു.

പാളത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മിക്ക ട്രെയ്‌നുകളുടെയും വേഗത പരിമിതപ്പെടുത്തി. അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥലങ്ങളില്‍ വേഗത 30 കിലോമീറ്ററായാണ് പരിമിതപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ട്രെയ്‌നുകള്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓടുന്നത്. റെയ്ല്‍വെ പോലുള്ള ഒരു പൊതുഗതാഗത സംവിധാനത്തിന്റെ നടത്തിപ്പില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. സ്മാര്‍ട്ട് സിറ്റികളും ബുള്ളറ്റ് ട്രെയ്‌നുകളുമെല്ലാം സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികകളില്‍ ഇടംനേടുമ്പോള്‍ അടിസ്ഥാന ഗതാഗത സംവിധാനങ്ങളുടെ നടത്തിപ്പിന് വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. കാര്യശേഷിയുള്ള റെയ്ല്‍വെ ഗതാഗതം ഒരുക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെങ്കില്‍ സ്വകാര്യവല്‍ക്കരിക്കുകയാണ് മികച്ച ഓപ്ഷന്‍. വികസനം ഒരു സാച്ചുറേഷന്‍ പോയ്ന്റിലെത്തിയ സമൂഹത്തിലേ മെട്രോ ട്രെയ്‌നുകള്‍ക്കും ബുള്ളറ്റ് ട്രെയ്‌നുകള്‍ക്കുമെല്ലാം പ്രസക്തിയുള്ളൂവെന്ന വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് നിലവിലെ നമ്മുടെ അടിസ്ഥാന സൗകര്യമേഖലയുടെ അവസ്ഥ.

Comments

comments

Categories: Editorial