ടാറ്റ മോട്ടോഴ്‌സിന് തിരിച്ചടി: സിംഗൂര്‍ ഭൂമിയേറ്റെടുക്കല്‍ സുപ്രീം കോടതി റദ്ദാക്കി

ടാറ്റ മോട്ടോഴ്‌സിന് തിരിച്ചടി: സിംഗൂര്‍ ഭൂമിയേറ്റെടുക്കല്‍ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളില്‍ ഭരണത്തിലിരിക്കെ ഇടതുപക്ഷസര്‍ക്കാര്‍ 2006 ല്‍ നടപ്പാക്കിയ സിംഗൂര്‍ ഭൂമിയേറ്റെടുക്കല്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ പുതിയ വിധി. ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് 12 മാസത്തെ കാലാവധി സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.

2016 മേയിലാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ബംഗാളിലെ കേസ് പരിഗണിച്ചത്. കേസില്‍ വാദം കേട്ട ജസ്റ്റിസ് ഗോപാല ഗൗഡ കൃഷിഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരമുണ്ടെങ്കിലും ഇതില്‍ നിന്ന് ബഹുവിള കൃഷി നടത്തുന്ന ഭൂമിയെ ഒഴിവാക്കുന്നതാകും നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1000 ഏക്കര്‍ ഭൂമിയാണ് നാനോ കാര്‍ നിര്‍മാണത്തിനായി ടാറ്റ മോട്ടോഴ്‌സിന് കൈമാറിയത്. ബംഗാളിലെ പാവപ്പെട്ട കര്‍ഷകരുടെ ഭൂമിയേറ്റെടുത്താണ് ടാറ്റ മോട്ടോഴ്‌സിന് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈമാറിയത്. 2011ല്‍ മമത ബാനര്‍ജി അധികാരത്തിലേറിയപ്പോള്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നിയമം നിയമസഭയില്‍ പാസാക്കിയതിനെതുടര്‍ന്ന് കാര്‍ നിര്‍മാണ പദ്ധതി സംസ്ഥാനത്തിനു പുറത്തേക്ക് കൊണ്ടു പോകാന്‍ ടാറ്റ മോട്ടോഴസ് നിര്‍ബന്ധിതരായി.

ടാറ്റ മോട്ടോഴ്‌സ് പദ്ധതി ഗുജറാത്തിലെ സനന്ദ് ജില്ലയിലേക്കാണ് മാറ്റിയത്. കല്‍ക്കത്ത ഹൈക്കോടതിയില്‍ ടാറ്റ മോട്ടോഴ്‌സ് സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്തു ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി സംസ്ഥാന സര്‍ക്കാര്‍ നിയമത്തെ അസാധുവാക്കിയതിനെ തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തുകയായിരുന്നു.

ടാറ്റയ്ക്കു വേണ്ടി വാദിച്ചത് കോണ്‍ഗ്രസ് നേതാവായ അഭിഷേക് മനു സിംഗ്വിയാണ്. പൊതുതാല്‍പ്പര്യാര്‍ത്ഥമാണ് ഭൂമി കൈമാറിയത് എന്നായിരുന്നു വാദം.

Comments

comments

Categories: Slider, Top Stories