സിദ്ധിഹോംസ്: സ്വപ്‌നവീട് പണിയുന്നവര്‍

സിദ്ധിഹോംസ്: സ്വപ്‌നവീട് പണിയുന്നവര്‍

മികച്ച സൗകര്യങ്ങളുള്ള വീട് എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. സങ്കല്‍പ്പത്തിനൊത്ത വീടുകള്‍ നിര്‍മിക്കാനാണ് ഇന്ന് ആളുകള്‍ താല്‍പര്യം കാട്ടുന്നതും. സ്വപ്‌ന പൂര്‍ത്തീകരണമാണ് മികച്ച വീടു നിര്‍മിക്കുന്നതിലൂടെ നടപ്പാകുന്നത്. വീടുമായി ബന്ധപ്പെട്ട നമ്മുടെ സ്വപ്‌നങ്ങള്‍ മനസിനിണങ്ങിയ രീതിയില്‍ പടുത്തുയര്‍ത്തുകയാണ് തൃപ്പൂണിത്തുറ ആസ്ഥാനമായ സിദ്ധി ഹോംസ്. ആഡംബര ഭവനങ്ങളുടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമ്പോഴും ഉപഭോക്താക്കള്‍ ഏല്‍പ്പിക്കുന്ന വിശ്വാസ്യത കാത്തുസൂക്ഷിക്കാനും കുറഞ്ഞ കാലയളവിനുള്ളില്‍ സിദ്ധി ഹോംസിനു കഴിയുന്നുണ്ട്. പരിചയസമ്പന്നയായ ആര്‍ക്കിടെക്ട് ഡിസൈന്‍ ചെയ്യുന്ന സിദ്ധി ഹോംസിന്റെ അപ്പാര്‍ട്ടുമെന്റുകളും വില്ലകളും എറണാകുളം നഗരത്തിന്റെ തലയെടുപ്പുകൂട്ടുന്നു. ക്ഷേത്രനഗരിയെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയില്‍ രാജകീയ ശൈലിയില്‍ ജീവിക്കാനുള്ള അവസരമാണ് സിദ്ധി ഹോംസ് ലഭ്യമാക്കുന്നത്. സ്വച്ഛസുന്ദരവും പ്രകൃതിരമണീയവുമായ, പുരാതന ക്ഷേത്രങ്ങളും പള്ളികളും അതിരിടുന്ന, സൗഹാര്‍ദ സാമൂഹ്യ ജീവിതക്രമമുള്ള തൃപ്പൂണിത്തുറയില്‍ സിദ്ധി ഹോംസ് തൊട്ടതെല്ലാം പൊന്നാക്കുകയാണ്. 2007-ല്‍ തുടക്കമിട്ട സംരംഭം പൂര്‍ണത്രയീശന്റെ മണ്ണില്‍ നിന്ന് കൊച്ചി നഗരത്തിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചിരിക്കുന്നു.

മാസ്റ്റര്‍ ബില്‍ഡര്‍

പ്രമുഖ ബില്‍ഡര്‍മാരോടൊപ്പം ഇരുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായാണ് ശൈലന്‍ രവീന്ദ്രനും ഭാര്യ ജ്യോതി ലക്ഷ്മിയും സിദ്ധി ഹോംസ് എന്ന ബിസിനസ് തുടങ്ങുന്നത്. എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ബിസിനസിന് അടിത്തറയായി കണക്കാക്കിയത് ഈ മേഖലയിലുള്ള തങ്ങളുടെ പരിചയസമ്പത്തു തന്നെ. അങ്ങനെയാണ് 2007-ല്‍ തൃപ്പൂണിത്തറ ആസ്ഥാനമാക്കി തങ്ങളുടെ ആദ്യ പ്രൊജക്ട് വിനായക അപ്പാര്‍ട്ട്‌മെന്റ്‌സിന് തുടക്കമിടുന്നത്. മാനേജിംഗ് പാര്‍ട്ടനര്‍മാരായി ശൈലന്‍ രവീന്ദ്രനും എംഎസ് രാഗിണിയും എന്‍ജിനീയറായി സി ജ്യോതിലക്ഷ്മിയും ഒരുമിച്ചപ്പോള്‍ സിദ്ധി ഹോംസിന് നിരവധി പ്രൊജക്ടുകളാണ് പൂര്‍ത്തിയാക്കാനായത്. ”കരിയര്‍ തുടങ്ങിയതു തന്നെ കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നതിനാ
ല്‍ അത് ഞങ്ങള്‍ക്കേറെ ഉപകാരപ്രദമായി. ഈ പ്രൊഫഷന്‍ എന്താണെന്നും വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും നന്നായി അറിയാമായിരുന്നതിനാല്‍ എല്ലാം മുന്‍കൂട്ടി കാണാനും കഴിഞ്ഞു. അതോടൊപ്പം ഉപഭോക്താക്കളും ഞങ്ങളില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു. തുടക്കക്കാരെന്ന നിലയില്‍ ആരും ഞങ്ങളെ മാറ്റി നിര്‍ത്തിയില്ല. ഒരുവിധത്തില്‍ ഞങ്ങളുടെ കസ്റ്റമേഴ്‌സ് തന്നെയാണ് ഞങ്ങളുടെ പ്രോത്സാഹനമെന്നു പറയാം,”എന്‍ജിനീയര്‍ സി ജ്യോതി ലക്ഷ്മി പറയുന്നു.

ഇതിനകം എട്ടു പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ സിദ്ധി ഹോംസ് പുതിയ രണ്ടെണ്ണത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. പന്ത്രണ്ട് നിലകളിലായി ഉയര്‍ന്ന വിനായക അപ്പാര്‍ട്ട്‌മെന്റ്‌സിനു ശേഷം തൃപ്പൂണിത്തുറയില്‍തന്നെ സിദ്ധി ആഞ്ജനേയ 1, സിദ്ധി ആഞ്ജനേയ 2, വൈറ്റിലയില്‍ സുസ്മിത റിവര്‍സൈഡ് ഗാര്‍ഡന്‍, തിരുവാങ്കുളത്ത് 3 ബെഡ് റൂം വില്ലകളായ അമ്പാടി വില്ലാസ്, തൃപ്പൂണിത്തുറയില്‍ ഇളമന റെസിഡന്‍സി, 2 & 3 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളായ ലക്ഷ്മിപ്രഭ, വൃന്ദാവന്‍ എന്നിവ സിദ്ധി ഹോംസിന്റെ പാരമ്പര്യത്തിന്റെ മാറ്റുരയ്ക്കുന്ന നിര്‍മിതികളായിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം ഇളമന റോഡില്‍ ഉയര്‍ന്നുവരുന്ന സിദ്ധി ശങ്കര്‍ ഭദ്രം, മരടിലെ സിദ്ധി എന്‍ക്ലേവ് എന്നിവയാണ് ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില മന്ദിരങ്ങള്‍. ഇവയില്‍ ശങ്കര്‍ ഭദ്രം 2, 3 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളും സിദ്ധി എന്‍ക്ലേവ് 2, 3 & 4 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകളുമാണ്. പതിനൊന്നാമത് പ്രോജക്റ്റായ സിദ്ധി കേദാറിന് ചിങ്ങം ഒന്നിന് തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ തറക്കല്ലിട്ടു. തങ്ങളുടെ പ്രൊജക്ടുകള്‍ക്ക് അധികവും തൃപ്പൂണിത്തുറയും എറണാകുളവും തെരഞ്ഞെടുക്കുന്ന ഇവര്‍ കേരളത്തിലെമ്പാടും തങ്ങളുടെ സാന്നിധ്യമറിയിക്കാനുള്ള തയാറെടുപ്പിലാണ്. ചങ്ങനാശേരി ആസ്ഥാനമായി തങ്ങളുടെ പുതിയ പ്രൊജക്ട് ആരംഭിക്കുന്നതിലൂടെ കേരളത്തിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്കെത്തുകയെന്നതാണ് ഇവരുടെ ഇപ്പോഴത്തെ ലക്ഷ്യം.

ക്ഷേത്ര നഗരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതു കൊണ്ടു തന്നെ ആ പാരമ്പര്യത്തെ തങ്ങളുടെ പ്രൊജക്ടുകളില്‍ നിലനിര്‍ത്തുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ട്. വിനായക, ആഞ്ജനേയ, അമ്പാടി, വൃന്ദാവന്‍ തുടങ്ങി വില്ലകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും പേരുകളില്‍ തന്നെ ആ പാരമ്പര്യത്തനിമയെ ആവാഹിക്കാന്‍ കഴിഞ്ഞതും സിദ്ധി ഹോംസിന്റെ സിദ്ധി തന്നെ.

വിജയത്തിന്റെ അടിത്തറ
ഉപഭോക്തൃ സംതൃപ്തി

ഉപഭോക്താക്കളുടെ സംതൃപ്തിയാണ് സിദ്ധി ഹോംസിന്റെ വിജയത്തിന്റെ പിന്‍ബലമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ ശൈലന്‍ രവീന്ദ്രനും പാര്‍ട്ണര്‍ എം എസ് രാഗിണിയും പറയുന്നു. ”ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഞങ്ങള്‍ അത്രയധികം പ്രാധാന്യം നല്‍കുന്നു. അവരെ കേള്‍ക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. ഞങ്ങളില്‍നിന്ന് അപ്പാര്‍ട്ടുമെന്റുകളും വില്ലകളും വാങ്ങിയവരാണ് സിദ്ധി ഹോംസിനു വേണ്ടി പിന്നീടു മാര്‍ക്കറ്റിംഗ് നടത്തുന്നതെന്നുപോലും പറയാം,” ശൈലന്‍ രവീന്ദ്രനും, എംഎസ് രാഗിണിയും കൂട്ടിച്ചേര്‍ക്കുന്നു. വില്ലകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ പിന്നീട് സിദ്ധിഹോംസിനു ബന്ധുക്കളെപ്പോലെയാകുന്ന പതിവാണുള്ളതെന്ന് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സി ജ്യോതിലക്ഷ്മി പറയുന്നു. ഉപഭോക്താക്കളുടെ ഓരോ ആവശ്യവും ഞങ്ങളുടെ തന്നെ ആവശ്യമായാണ് കാണുന്നത്. വില്‍പ്പനാനന്തര സേവനം കൃത്യമായി പാലിക്കുന്നു. വാട്ടര്‍ ടാപ്പിലെ ചോര്‍ച്ച പോലും നിമിഷനേരത്തിനുള്ളില്‍ ഞങ്ങളുടെ തൊഴിലാളികള്‍ ഓടിയെത്തി പരിഹരിക്കും. നിര്‍മാണകാര്യത്തില്‍ തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണവും എടുത്തുപറയേണ്ടതാണ്. സ്ഥിരം തൊഴിലാളി സംഘങ്ങളാണ് സിദ്ധി ഹോംസിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ അവരുമായുള്ള ഞങ്ങളുടെ ബന്ധം ഊഷ്മളമാണ്, ഓരോ പ്രൊജക്ടിലും തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്താണെന്നു തൊഴിലാളികള്‍ക്കറിയാം. സി ജ്യോതിലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. ആദ്യ പ്രൊജക്ടില്‍ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ തന്നെയാണ് ഇപ്പോഴും സിദ്ധിഹോംസിനൊപ്പമുള്ളത്.

വാസ്തുവിദ്യയുടെ പിന്‍ബലം

നൂറു ശതമാനം വാസ്തുവിദ്യയനുസരിച്ചാണ് സിദ്ധി ഹോംസ് ഓരോ കെട്ടിടവും നിര്‍മിക്കുന്നത്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സി ജ്യോതിലക്ഷ്മിയാണ് സിദ്ധി ഹോംസിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍. തൃശൂരിലെ പരിയാടത്ത് പ്രഭാകരന്‍ മേനോന്‍ വാസ്തു കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി നിശ്ചയിക്കുന്നതുപോലും വാസ്തുവിദ്യയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ഓരോ ഉപഭോക്താവിനും കാര്‍ പാര്‍ക്കിംഗിന് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നില്ലെന്നതു സിദ്ധി ഹോംസിനെ മറ്റു ബില്‍ഡര്‍മാരില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഘടകമാണ്. മാത്രമല്ല ഇതിനായി നിരക്കില്‍ വര്‍ധന വരുത്താറുമില്ല. ഓരോ ഉപഭോക്താവിനും കാര്‍ പാര്‍ക്കിംഗിന് പ്രത്യേകം ഇടം തന്നെ നല്‍കാറുമുണ്ട്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ഓരോ താമസക്കാരനും മറ്റു താമസക്കാരുമായി ചുവര്‍ പങ്കിടുന്നതും കുറവാണ്. ഓരോ അപ്പാര്‍ട്ട്‌മെന്റിലും പരമാവധി വെന്റിലേഷന്‍ സൗകര്യം ഒരുക്കാറുണ്ട്. ക്രോസ് വെന്റിലേഷനെന്നു പറയുമ്പോള്‍ ധാരാളം കാറ്റും വെളിച്ചവും കടക്കണമെന്നതിനാല്‍ ഓരോ ബെഡ് റൂമിലും രണ്ടു ജനലുകള്‍ വീതം ഘടിപ്പിക്കാറുണ്ട്.

കൃത്യ സമയത്തുള്ള പ്രൊജക്ടുകളുടെ കൈമാറ്റവും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതും ഉപഭോക്താക്കളെ സിദ്ധി ഹോംസിനോട് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് ശൈലന്‍ രവീന്ദ്രനും എം എസ് രാഗിണിയും പറയുന്നു. ഓരോ പ്രോജക്റ്റിലെയും ഓരോ യൂണിറ്റും പരമാവധി ഭംഗിയാക്കണമെന്ന ദൃഢനിശ്ചയമുള്ളതിനാല്‍ ഒരേ സമയം ഒരു പ്രോജക്ട് മാത്രമേ ഏറ്റെടുക്കൂ. ഫ്‌ളാറ്റുകളും വില്ലകളുമെല്ലാം ലക്ഷ്യമിടുന്ന സമയത്തുതന്നെ വില്‍പ്പന നടത്താനാവുന്നുണ്ട്. അതിശക്തമായ മത്സരം അതിജീവിച്ചും നിയമങ്ങളും ചട്ടങ്ങളുമെല്ലാം പാലിച്ചും സധൈര്യം മുന്നോട്ടുപോകാനാവുന്നത് പൂര്‍ത്തിയാക്കിയ പ്രോജക്ടുകളിലെ ഉപഭോക്താക്കള്‍ പകരുന്ന ഊര്‍ജത്തിന്റെ പിന്‍ബലത്തിലാണ്. ശൈലന്‍ രവീന്ദ്രനും, എംഎസ് രാഗിണിയും കൂട്ടിച്ചേര്‍ക്കുന്നു.

ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും മാനേജിംഗ് പാര്‍ട്ണര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഇടപെടുന്നു. ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ടു വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ചു നിരന്തരം പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ഞങ്ങള്‍ ശ്രമിക്കാറുണ്ട്, സി ജ്യോതിലക്ഷ്മി പറയുന്നു. നിലവില്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് ഇടനിലക്കാരില്ലെന്നും കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തുകയാണ് പതിവെന്നും ജ്യോതിലക്ഷ്മി വ്യക്തമാക്കുന്നു. ഉപഭോക്താക്കള്‍ക്കായി ഇന്റീരിയര്‍ ജോലികളും ചെയ്തുകൊടുക്കാറുണ്ട്. നിശ്ചിത റേറ്റിനേക്കാള്‍ കൂടുതല്‍ മികച്ച സൗകര്യങ്ങളാണ് വില്ലയോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങുമ്പോള്‍ സിദ്ധി ഹോംസ് ലഭ്യമാക്കുന്നതെന്നാണ് ഉപഭോക്താക്കളുടെ അനുഭവസാക്ഷ്യം.

പ്രതിസന്ധികളില്ലാതെ

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല പ്രശ്‌നങ്ങളില്‍ കൂടിയും പ്രതിസന്ധികളില്‍ കൂടിയും കടന്നു പോകുമ്പോള്‍ ഇത്തരത്തിലുള്ള ആശങ്കകളൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് സിദ്ധി ഹോംസ് അധികൃതര്‍ പറയുന്നത്. ഇന്ന് പലരും വില്ലകളും ഫ്‌ളാറ്റുകളും വാങ്ങുന്നത് ഒരു നിക്ഷേപമെന്ന നിലയിലാണ്. ഗള്‍ഫ് നാടുകളിലെ മാന്ദ്യം ഇത്തരം ഉപഭോക്താക്കളുടെ കാര്യത്തില്‍ കാര്യമായ കുറവ് തന്നെയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ കേരളത്തില്‍ വസ്തുക്കള്‍ അധികം വാങ്ങി നിക്ഷേപം നടത്താറില്ല. ഇത് പ്രശസ്ത ബില്‍ഡര്‍മാരെ അലട്ടിയ പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു. സിദ്ധി ഹോംസിന്റെ ഉപഭോക്താക്കളില്‍ തൊണ്ണൂറു ശതമാനം ആള്‍ക്കാരും നിക്ഷേപം എന്ന നിലയിലല്ല, വില്ലകളും ഫ്‌ളാറ്റുകളും വാങ്ങുന്നത്. നല്ലൊരു ശതമാനം ഉപഭോക്താക്കളും താമസത്തിനു വേണ്ടി വാങ്ങുന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങളൊന്നും സിദ്ധി ഹോംസിനെ ബാധിച്ചിട്ടില്ലെന്നാണ് ജ്യോതി ലക്ഷ്മിയുടെ അഭിപ്രായം.

Comments

comments

Categories: FK Special