ജിയോ വരുന്നു; കളം മാറി: അന്തംവിട്ട് മറ്റ് കമ്പനികള്‍, നഷ്ടം 13,800 കോടി രൂപ!

ജിയോ വരുന്നു; കളം മാറി:  അന്തംവിട്ട് മറ്റ് കമ്പനികള്‍, നഷ്ടം 13,800 കോടി രൂപ!

 

ന്യൂഡെല്‍ഹി:  സ്വന്തം നെറ്റ് വര്‍ക്കിലേക്കുള്ള മൊബീല്‍ ഫോണ്‍ വിളികള്‍ ആജീവനാന്തം സൗജന്യവും, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തുച്ഛനിരക്കില്‍ നല്‍കുന്നതുമടക്കം കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി ജിയോ സര്‍വീസ് സേവനങ്ങള്‍ റിലയന്‍സ് ഇന്ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇതിനു പുറമെ, സേവനം ലഭ്യമാകുന്ന സെപ്റ്റംബര്‍ 5 മുതല്‍ ഡിസംബര്‍ 31വരെ ജിയോ വരിക്കാര്‍ക്ക് എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാമെന്നതാണ് പ്രധാന ഓഫര്‍. വോയ്‌സ് കോളിനു പുറമെ, ആപ്പുകള്‍, ഫോര്‍ജി സര്‍വീസ് എന്നിവയും തികച്ചും സൗജന്യമായി നല്‍കും. ഒരു ജിബി ഡേറ്റയ്ക്ക് 50 രൂപ നിരക്കിലാണു ചുമത്തുക. രാജ്യത്ത് എവിടെയും സൗജന്യ റോമിങ്, ഉത്സവാഘോഷദിനങ്ങളില്‍ സൗജന്യ മെസെജ്, ഇളവുകളോടെയുള്ള സ്റ്റുഡന്റ്‌സ് സ്‌കീമുകള്‍ തുടങ്ങി വിപുലവും അത്യാകര്‍ഷകവുമായി പദ്ധതികളാണ് പ്രഖ്യാപിച്ചത്.

ജിയോയുടെ വരവ് പ്രഖ്യാപിക്കുന്ന മുകേഷ് അംബാനിയുടെ പ്രസംഗം നീണ്ടത് കേവലം 45 മിനുറ്റ് മാത്രമാണ്. എന്നാല്‍ അതില്‍ തകര്‍ന്നടിഞ്ഞത് മറ്റ് ടെലികോം കമ്പനികളുടെ പ്രതീക്ഷകളും ലക്ഷ്യങ്ങളുമാണ്. ജിയോ സെപ്റ്റംബര്‍ 5 മുതല്‍ സേവനം നല്‍കുമെന്ന് പ്രഖ്യാപിച്ച ഉടന്‍ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയ ടെലികോം കമ്പനികളുടെ ഓഹരികള്‍ കൂപ്പുകുത്തി. കേവലം 50 രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റ നല്‍കുന്ന പാക്കേജ് വിപണിയെ തന്നെ മാറ്റി മറിക്കും. നിലവില്‍ 250 രൂപ വരെയാണ് ഒരു ജിബിക്ക് മറ്റ് കമ്പനികള്‍ ഈടാക്കുന്നത്

ജിയോ ഉപഭോക്താക്കള്‍ക്ക് ഫ്രീ വോയ്‌സ് കോള്‍ ഓപ്ഷന്‍ നല്‍കുന്നത് മറ്റ് കമ്പനികള്‍ക്ക് ഇരുട്ടടിയായി. ഭാരതി എയര്‍ടെല്‍ ഓഹരി 9 ശതമാനത്തോളം താഴ്ന്ന് ബിഎസ്ഇയില്‍ 302 രൂപയില്‍ എത്തി. ഐഡിയ സെല്ലുലാറിന്റെ ഓഹരിവിലയിലെ താഴ്ച്ച 9.09 ശതമാനമായിരുന്നു. ഭാരതിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷനില്‍ 12,000 കോടി രൂപയുടെ കുറവുണ്ടായി. ഐഡിയ സെല്ലുലാറിന്റെ വിപണി മൂല്യത്തില്‍ 2,800 കോടി രൂപയാണ് ഇടിവുണ്ടായത്.

പരീക്ഷണകാലഘട്ടത്തില്‍ തന്നെ ജിയോയ്ക്ക് 25 മില്ല്യണ്‍ ഉപഭോക്താക്കളെ നേടാനായെന്നാണ് കണക്കുകള്‍. 1,50,000 കോടി രൂപയുടെ നിക്ഷേപത്തില്‍ വരുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പാണ്. കേരളത്തിലെ നിക്ഷേപം 5,000 കോടി രൂപയിലധികം വരുമെന്നാണ് റിലയന്‍സ് ജിയോ വൃത്തങ്ങള്‍ നല്‍കിയ സൂചന.

Comments

comments

Categories: Slider, Top Stories