ജിഡിപി വളര്‍ച്ചയിലെ ഇടിവ്, ആശങ്കപ്പെടേണ്ട കാര്യമുണ്ടോ?

ജിഡിപി വളര്‍ച്ചയിലെ ഇടിവ്, ആശങ്കപ്പെടേണ്ട കാര്യമുണ്ടോ?

കഴിഞ്ഞ പാദത്തില്‍ പ്രതീക്ഷിച്ച ജിഡിപി വളര്‍ച്ച രേഖപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കാഞ്ഞതില്‍ അധികം ആശങ്കപ്പെടേണ്ടതില്ല

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ ജിഡിപി(മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും ഏറെക്കുറഞ്ഞു പോയി എന്നത് വാസ്തവമാണ്. കേവലം 7.1 ശതമാനം മാത്രമായിരുന്നു ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക്. ഇത് എട്ട് ശതമാനമെങ്കിലും എത്തുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. റോയ്‌ട്ടേഴ്‌സിന്റെ സര്‍വെയില്‍ ചുരുങ്ങിയത് 7.6 ശതമാനം വളര്‍ച്ചയെങ്കിലും നേടാന്‍ സാധിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

താല്‍ക്കാലികമായ ഈ സാമ്പത്തിക കണക്കില്‍ യഥാര്‍ത്ഥത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സബ്‌സിഡി പേഔട്ടില്‍ വന്ന കുത്തനെയുള്ള ഉയര്‍ച്ചയും മറ്റുമാണ് വളര്‍ച്ചയെ പുറകോട്ടടിച്ചത്. പുതിയ ജിഡിപി കണക്കുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് തിരിച്ചടി നേരിട്ടുവെന്ന വിലയിരുത്തലുകള്‍ നടത്തുന്നത് അപക്വമായേക്കും. ജിഡിപി കണക്കുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ഫാക്റ്ററി ആക്റ്റിവിറ്റിയില്‍ അതിവേഗം കൈവരിക്കുന്നതായി വന്ന റിപ്പോര്‍ട്ടുകള്‍ നിക്ഷേപകരുടെയും സാമ്പത്തിക വിദഗ്ധരുടെയും ആശങ്ക അകറ്റിയിട്ടുമുണ്ട്. ഇന്ത്യയുടെ ഉല്‍പ്പാദനമേഖല ഓഗസ്റ്റ് മാസത്തില്‍ കഴിഞ്ഞ 15 മാസത്തിനിടെയുള്ള ഏറ്റവും മികച്ച വേഗതയാണ് പ്രവര്‍ത്തനത്തില്‍ കൈവരിച്ചത്.

നിക്കെയ്/മാര്‍ക്കിറ്റഅ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) ഓഗസ്റ്റില്‍ 52.6ലേക്ക് ഉയര്‍ന്നു. ജൂലൈയില്‍ ഇത് 51.8 ആയിരുന്നു. തുടര്‍ച്ചയായി എട്ടാം മാസമാണ് സൂചിക 50നു മുകളില്‍ എത്തുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ ഉല്‍പ്പാദനരംഗത്ത് കുതിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മാനുഫാക്ച്ചറിംഗ് പിഎംഐ ഉയര്‍ന്നത് ആത്മവിശ്വാസം പകരുന്ന കാര്യമാണ്.

ഉല്‍പ്പാദനം കൂടുന്നതും കയറ്റുമതിയ വര്‍ധിക്കുന്നതും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കുറച്ചുകൂടി കാര്യക്ഷമമായി നടപ്പാക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കും. ചൈനയുടേതുള്‍പ്പെടെയുള്ള ആഗോള കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്ന പ്രവണത ശക്തിപ്പെട്ടതും ഗുണം ചെയ്യും. പുതിയ കണക്കുകളുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ധനകാര്യനയത്തില്‍ കാര്‍ക്കശ്യം ഒഴിവാക്കാനാണ് സാധ്യത. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ സെപ്റ്റംബര്‍ നാലിനാണ് ചുമതലയേല്‍ക്കുക. അതിനു ശേഷം തന്റെ ആദ്യ നയപ്രഖ്യാപനം അദ്ദേഹം ഒക്‌റ്റോബര്‍ നാലിന് നടത്തും. ആര്‍ബിഐ റിപ്പൊ നിരക്കില്‍ 25 ബേസിസ് പോയ്ന്റ് കുറവ് വരുത്തിയേക്കും. 6.25 ശതമാനമായി റിപ്പോ നിരക്ക് ആര്‍ബിഐ നിജപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ജൂലൈയില്‍ പണപ്പെരുപ്പ നിരക്ക് 6.07 ശതമാനത്തിലേക്കെത്തിയതും കേന്ദ്ര ബാങ്ക് കണക്കിലെടുക്കുന്നുണ്ട്. മാര്‍ച്ച 2017ലേക്ക് ആര്‍ബിഐ നിജപ്പെടുത്തിയ 5 ശതമാനം നിരക്കിനേക്കാള്‍ കൂടുതലാണിത്. ഉര്‍ജിത് പട്ടേല്‍ ഈ ലക്ഷ്യങ്ങളിലൊന്നും കാര്യമായി മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാകുന്നത്.

Comments

comments