യുഗാന്ത്യം: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ പുറത്ത്; മൈക്കള്‍ ടെമര്‍  സ്ഥാനമേല്‍ക്കും

യുഗാന്ത്യം: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ പുറത്ത്;  മൈക്കള്‍ ടെമര്‍  സ്ഥാനമേല്‍ക്കും

ബ്രസീലിയ: ബ്രസീലിയന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ഫെഡറല്‍ സെനറ്റ്, ദില്‍മ റൂസഫിനെ പ്രസിഡന്റ് പദത്തില്‍നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ബുധനാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 20നെതിരേ 61 അംഗങ്ങള്‍ ദില്‍മയെ നീക്കം ചെയ്യുന്നതിനെ അനുകൂലിച്ചു. ഇത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തേക്കാള്‍ ഏഴ് വോട്ട് അധികമാണ്. പ്രസിഡന്റ് പദത്തില്‍നിന്നും നീക്കം ചെയ്യാന്‍ സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നാണു ഭരണഘടന നിര്‍വചിക്കുന്നത്.

ഈ വര്‍ഷം മേയ് മാസമാണ് കുറ്റവിചാരണ ചെയ്യുന്നതിന്റെ ഭാഗമായി ദില്‍മയെ ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും താത്കാലികമായി നീക്കം ചെയ്തത്. തുടര്‍ന്ന് താത്കാലിക പ്രസിഡന്റായി ബ്രസീലിയന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടിയിലെ മൈക്കള്‍ ടെമറിനെ നിയമിച്ചു. ഇദ്ദേഹം ബ്രസീലിന്റെ വൈസ് പ്രസിഡന്റായിരുന്നു.
രാജ്യത്തെ സമ്പദ്‌രംഗം മാന്ദ്യം നേരിടുമ്പോള്‍ അവയെല്ലാം മറച്ചുവച്ച് ബജറ്റില്‍ കൃത്രിമത്വം കാണിച്ചെന്ന കുറ്റത്തിനാണു ദില്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.
ബ്രസീലിന്റെ ആദ്യ വനിത പ്രസിഡന്റായ ദില്‍മയെ പ്രസിഡന്റ് പദത്തില്‍നിന്നും നീക്കം ചെയ്യുന്നതോടെ കരുത്തയായ ഒരു നേതാവിനെതിരേയുള്ള വിധിയെഴുത്തും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തിന്റെ നിര്‍ഭാഗ്യവുമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബ്രസീലിന്റെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിച്ച്, ലക്ഷക്കണക്കിന് വരുന്ന മധ്യവര്‍ഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരികയും അതിലൂടെ ബ്രസീലിനെ ആഗോളതലത്തില്‍ നിര്‍ണായക ശക്തിയായി മാറ്റുകയും ചെയ്ത ഇടതുകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതാവാണ് ദില്‍മ. ബുധനാഴ്ച ദില്‍മയെ നീക്കം ചെയ്യാന്‍ തീരുമാനിച്ചതോടെ ബ്രസീലില്‍ കഴിഞ്ഞ 13വര്‍ഷമായി ഭരിച്ച വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ അന്ത്യം കൂടിയാണു കുറിച്ചത്.
ബ്രസീല്‍ രാഷ്ട്രീയം കഴിഞ്ഞ കുറേ നാളുകളായി അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. ദില്‍മയെ കുറ്റവിചാരണ ചെയ്യാനുള്ള നീക്കം ഭരണകൂടത്തോടുള്ള പൊതുജനങ്ങളുടെ സമീപനത്തില്‍ വലിയ മാറ്റം വരുത്തുമെന്ന് ആരും കരുതുന്നില്ല. മറിച്ച് ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റിയെന്ന് മാത്രമാണ് അവര്‍ കരുതുന്നത്.
ദില്‍മയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി പിന്തുണ നല്‍കിയിരുന്ന മൈക്കള്‍ ടെമറിന്റെ ബ്രസീലിയന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്.

Comments

comments

Categories: Slider, World