നാഷണല്‍ ഹെറാള്‍ഡും നവജീവനും കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുന്നു

നാഷണല്‍ ഹെറാള്‍ഡും  നവജീവനും കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുന്നു

ന്യൂഡല്‍ഹി: എട്ട് വര്‍ഷം മുന്‍പ് പ്രസിദ്ധീകരണം നിലച്ച കോണ്‍ഗ്രസ് മുഖപത്രങ്ങളായ നാഷണല്‍ ഹെറാള്‍ഡും നവജീവനും പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതായി ബുധനാഴ്ച പാര്‍ട്ടി അറിയിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലഭ് മിശ്രയെയാണ് എഡിറ്റര്‍-ഇന്‍-ചീഫ് ആയി നിയമിച്ചിരിക്കുന്നത്.

അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) ചെയര്‍പേഴ്‌സനും അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി(എഐസിസി)ട്രഷററുമായ മോട്ടിലാല്‍ വോറയാണ് പത്രം പുനരാരംഭിക്കുമെന്ന് പ്രസ്താവിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷും നവജീവന്‍ ഹിന്ദി ഭാഷയിലുമാണ് പ്രസിദ്ധീകരിച്ചിരുന്നത്. 2008ല്‍ സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു. ഇവ രണ്ടിന്റെയും പ്രസിദ്ധീകരണം പുനരാരംഭിച്ചതിനു ശേഷം ഉര്‍ദ്ദു പത്രമായ ഖ്വാമി ആവാസിന്റെയും പ്രസിദ്ധീകരണം പുനരാരംഭിക്കാന്‍ പദ്ധതിയുണ്ട്. ആദ്യം ഡിജിറ്റല്‍ എഡിഷനായിരിക്കും തുടങ്ങുക. പിന്നീട് പ്രിന്റ് രൂപത്തിലും ആരംഭിക്കും. അടുത്ത വര്‍ഷം യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് പത്രം വീണ്ടും പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.
1938ല്‍ ലക്‌നൗ ആസ്ഥാനമായി ജവഹര്‍ലാല്‍ നെഹ്‌റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം ആരംഭിച്ചത്. 1942ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം അരങ്ങേറിയപ്പോള്‍ ബ്രിട്ടീഷ് ഭരണകൂടം പത്രം നിരോധിച്ചു. പിന്നീട് 1970കളിലും പത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Comments

comments

Categories: Slider, Top Stories