മേക്ക് ഇന്‍ കേരള: കേരള ചേംബറും സൈനും ധാരണാപത്രം ഒപ്പുവെച്ചു

മേക്ക് ഇന്‍ കേരള: കേരള ചേംബറും സൈനും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: സമസ്ത മേഖലകളിലും കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘മേക്ക് ഇന്‍ കേരള’ പദ്ധതിക്കായി കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (കെസിസിഐ) സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) എന്ന സന്നദ്ധ സംഘടനയും ധാരണാപത്രം ഒപ്പുവെച്ചു. റോഡ്, തുറമുഖം, ഉള്‍നാടന്‍ ജലഗതാഗതം, ഊര്‍ജം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍, നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനം, കൃഷിയും ഭക്ഷ്യ സംസ്‌കരണവും, എംഎസ്എംഇ, ഐടി, ഐടി അനുബന്ധ വ്യവസായം, ഇലക്ട്രോണിക്സ്, ക്ലസ്റ്ററുകള്‍, ആരോഗ്യം, എച്ച് ആര്‍, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, മീഡിയാ എന്റര്‍ടെയ്ന്‍മെന്റ്, ലോജിസ്റ്റിക്സ്, ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ പദ്ധതികള്‍ തുടങ്ങിയ മേഖലകളിലാണ് മേക്ക് ഇന്‍ കേരള പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ചുവട് പിടിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷം പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിച്ചു കൊണ്ട് കേരളത്തില്‍ മെഗാ ഉച്ചകോടി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഈവര്‍ഷം ഒക്ടോബറില്‍ വിദേശരാജ്യങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് കെസിസിഐ, സൈന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന ജന്‍ ഔഷധി സ്റ്റോറുകള്‍ സംസ്ഥാനത്ത് ആരംഭിക്കാനും 47 മെഗാ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കാനും പരിപാടിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആദ്യ തൊഴില്‍മേളയില്‍ നാലായിരത്തിലേറെ പങ്കെടുക്കുകയും ഇതില്‍ 2000-ത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രത്തിന്റെ സമഗ്ര വികസനമെന്ന ലക്ഷ്യത്തോടെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രൂപീകൃതമായ സംഘടനയാണ് സൈന്‍.

Comments

comments

Categories: Entrepreneurship