പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തനം വ്യാപിപ്പിക്കും

പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമി  പ്രവര്‍ത്തനം വ്യാപിപ്പിക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഗ്രാസ് റൂട്ട് പാര്‍ട്ണര്‍മാരായ പ്രൊഡിജി സ്‌പോര്‍ട്‌സിന്റെ ഭാഗമായ പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്, മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ചും ഗ്രാസ് റൂട്ട് ടെക്‌നിക്കല്‍ ഡയറക്ടറുമായ ടെറി ഫെലന്‍, പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടറും മുഖ്യ പരിശീലകനുമായി ചുമതലയേറ്റു.

പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിക്ക് കേരളത്തില്‍ കൊച്ചി, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ച് അക്കാദമികളാണുള്ളത്. അടുത്തു നടക്കുന്ന കെഎഫ്എ അക്കാദമി ലീഗില്‍ പ്രോഡിജി 18 ടീമുകളെ പങ്കെടുപ്പിക്കും. അഞ്ച് സെന്ററുകളിലായി 700- ഓളം കുട്ടികളാണ് ഉള്ളത്. അണ്ടര്‍ 10, 12, 14, 15 വിഭാഗങ്ങളില്‍ 18 ടീമുകളിലായി പ്രൊഡിജിയുടെ 400 കുട്ടികളാണ് കെഎഫ്എയുടെ അക്കാദമി ലീഗില്‍ പങ്കെടുക്കുകയെന്ന് പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓപ്പറേഷണല്‍ ഹെഡ് നിഷാന്ത് നായര്‍ പറഞ്ഞു.
സംസ്ഥാനത്തെ ഗ്രാസ് റൂട്ട് ഫുട്‌ബോളിന്റെ സമഗ്ര വികസനത്തിന് കെഎഫ്എയുടെ പൂര്‍ണപിന്തുണയോടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും നിഷാന്ത് നായര്‍ അറിയിച്ചു.

കേവലം ഒരു മത്സര വിജയത്തേക്കാള്‍ വിവിധ സെന്ററുകളിലെ മികച്ച താരങ്ങളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെറി എന്നറിയപ്പെടുന്ന ടെറന്‍സ് ടെറി ഫെലന്‍ മികവു തെളിയിച്ച പ്രൊഫഷണല്‍ ഫുട്‌ബോളറാണ്. 1984 മുതല്‍ 2009 വരെ ഇടതു വിങ്ങില്‍ കളിച്ച ടെറി കളിക്കളത്തില്‍ സൃഷ്ടിച്ചത് വിസ്മയങ്ങളായിരുന്നു. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ടണ്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും ഫുട്‌ബോള്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡ് സ്വാന്‍സീ സിറ്റി, വിംബിള്‍ഡണ്‍, ക്രിസ്റ്റല്‍ പാലസ്, ഫുള്‍ഹാം, ഷെഫീല്‍ഡ് യുണൈറ്റഡ് എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ചാള്‍സ്ടണ്‍ ബാറ്ററി, ഒട്ടാഗോ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കുവേണ്ടിയാണ് അവസാനം ജേഴ്‌സി അണിഞ്ഞത്.

ഐറീഷ് ദേശീയ ടീമിനെ 42 തവണ പ്രതിനിധാനം ചെയ്ത ടെറി 1994 ഫിഫ ലോകകപ്പില്‍ ഐറിഷ് ടീം അംഗമായിരുന്നു. 2015 ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി നിയമിതനായി.

Comments

comments

Categories: Sports