ടൂറിസം: മദ്യനയം  മോശം പ്രതിഛായ ഉണ്ടാക്കി , വേസ്റ്റ് മാനേജ്‌മെന്റ് പ്രധാനപ്രശ്‌നം

ടൂറിസം: മദ്യനയം  മോശം പ്രതിഛായ ഉണ്ടാക്കി , വേസ്റ്റ് മാനേജ്‌മെന്റ് പ്രധാനപ്രശ്‌നം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കു കടുത്ത ആഘാതമാണുണ്ടാക്കിയത്. ടൂറിസം മേഖലയുടെ തകര്‍ച്ചയ്ക്ക് മദ്യനയം കാരണമായെന്നും കേരളത്തിന്റെ ടൂറിസം വളര്‍ച്ച 20 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി ഇടിഞ്ഞെന്നും അടുത്തിടെ ടൂറിസം വകുപ്പു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വിനോദസഞ്ചാരികളിലധികവും സിംഗപ്പൂരും ശ്രീലങ്കയും പോലുള്ള രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമെന്നു പഠനങ്ങള്‍ പറയുന്നു. മദ്യനയത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ കേരളത്തിലെ ടൂറിസം മേഖലയ്ക്കു തിരിച്ചുവരവുണ്ടാവുകയുള്ളുവെന്നും വേസ്റ്റ് മാനേജ്‌മെന്ററ് പ്രശ്‌നം ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റഴ്‌സ് കേരള ചാപ്റ്റര്‍ ചെയര്‍മാനും മാര്‍വെല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സിജോ ജോസ്, സായൂജ്യ സെബാസ്റ്റ്യനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മദ്യനയം കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ എന്തു പ്രതിഫലനമാണുണ്ടാക്കിയത്?

മദ്യനയം വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ കേരളത്തെക്കുറിച്ച് മോശമായ പ്രതിഛായയുണ്ടാക്കി. കേരളം ഗുജറാത്ത് പോലെ മാറിയെന്ന തരത്തിലുള്ള ചിന്തയാണ് ഇതു സൃഷ്ടിച്ചത്. കേരളത്തിലേക്കെത്തുന്ന ടൂറിസ്റ്റുകള്‍ക്കും മദ്യനയം ആശങ്കകളുണ്ടാക്കി. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ബാന്‍ക്വറ്റ് ഹാളില്‍ മദ്യം വിളമ്പാന്‍ പറ്റില്ലായെന്നതു തന്നെ കേരളത്തിലേക്ക് വരുന്നതില്‍ നിന്നു വിദേശികളെ പിന്തിരിപ്പിക്കുന്ന ഒന്നാണ്. ബാന്‍ക്വറ്റ് ഹാളില്‍ പോലും മദ്യം അനുവദിക്കാത്തത് പല പ്രമുഖ പരിപാടികളും കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു മാറ്റാന്‍ കാരണമാകുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്ന വിഐപികള്‍ക്ക് പലപ്പോഴും ഈ മാറ്റം ഉള്‍കൊള്ളാനാവില്ല. ഇത് കേരളത്തിലേക്ക് വരാനുള്ള ടൂറിസ്റ്റുകളുടെ താല്‍പര്യം ഇല്ലാതാക്കുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തില്‍ നടക്കേണ്ടിയിരുന്ന പല മീറ്റിംഗുകളും കോണ്‍ഫറന്‍സുകളും പോണ്ടിച്ചേരി, മഹാബലിപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റാനും മദ്യനയം കാരണമായിട്ടുണ്ട്. ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം പത്തു മണി വരെയാക്കി ചുരുക്കിയതും ഈ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കു വരാനിരുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും ശ്രീലങ്ക പോലുള്ള രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ഏകദേശം നാല്‍പ്പതു ശതമാനത്തോളം അധികം വിദേശികളാണ് ശ്രീലങ്കയിലേക്കു പോകുന്നത്.
കേരളത്തിലെ വിനോദ സഞ്ചാരമേഖലയില്‍ ഇനി മാറ്റം സാധ്യമാണോ?

ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനതലത്തിലും കേന്ദ്ര തലത്തിലും മാറ്റത്തിനുള്ള നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമേ മദ്യം നല്‍കാവൂയെന്നതാണ് മദ്യനയത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. എന്നാല്‍ ഹോട്ടലുകള്‍ക്ക് ഫൈവ് സ്റ്റാര്‍ അനുമതി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പലതും ഇപ്പോള്‍ പരിഗണിക്കപ്പെടുന്നില്ല. എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും ഫൈവ് സ്റ്റാര്‍ പദവി കിട്ടാത്ത പല ഹോട്ടലുകളും കേരളത്തിലുണ്ട്. മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കും ആവശ്യമാണ്. ഇതിനായി ചെറിയ കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ബാന്‍ക്വറ്റ് ഹാളില്‍ മദ്യം ലഭ്യമാക്കുക, ബാര്‍ പ്രവര്‍ത്തന സമയപരിധി പത്തു മണി എന്നത് എടുത്തു മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ മദ്യം വിളമ്പാന്‍ പാടുള്ളൂ എന്ന നിയമത്തിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. കേരളത്തിലെത്തുന്ന വിദേശികള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമല്ല താമസിക്കുന്നത്. എല്ലാത്തരം ഹോട്ടലുകളിലും ഹോംസ്‌റ്റേകളും വിദേശികള്‍ താമസത്തിനായി തെരഞ്ഞെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ഫൈവ്സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകളിലും മദ്യം ലഭ്യമാക്കണം. മദ്യം കഴിക്കാന്‍ മാത്രം ഹോട്ടലുകളില്‍ പോകാന്‍ ടൂറിസ്റ്റുകള്‍ക്ക് താല്‍പര്യമില്ല. അവര്‍ ബാറില്‍ പോയി ക്യൂ നിന്ന് മദ്യം വാങ്ങി കഴിക്കാറുമില്ല. അതുകൊണ്ടുതന്നെ ഇത്തരം ചെറിയ കാര്യങ്ങളിലെങ്കിലും മാറ്റം വരുത്തിയാല്‍ മാത്രമേ കേരളത്തിലേക്ക് നല്ലൊരു ശതമാനം വിനോദ സഞ്ചാരികളും വീണ്ടും എത്താന്‍ തുടങ്ങുകയുള്ളൂ.

മദ്യനയത്തില്‍ ടൂറിസത്തിന് അനുകൂലമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമോ ?

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. നമ്മുടെ നാട്ടിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ട് 2016 സെപ്തംബര്‍ 27 മുതല്‍ കൊച്ചിയില്‍ നടക്കുകയാണ്. ഇതിനു മുമ്പുതന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു അനുകൂല മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാരെ കേരളത്തിലേക്കെത്തിച്ചു നടത്തുന്ന കേരള ട്രാവല്‍ മാര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നല്ല തുടക്കമാണ്. എന്നാല്‍ മറ്റു നാടുകളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കേരളത്തിലെത്തി ഇവിടുത്തെ അവസ്ഥ കണ്ടാല്‍ അത് നമ്മുടെ നാടിനെക്കുറിച്ച് മോശമായ ചിത്രം മാത്രമേ സൃഷ്ടിക്കാന്‍ ഇടയാക്കൂ. ഇതാകട്ടെ കൂടുതല്‍ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കെത്തുന്നതിന് ഒരു പരിധി വരെ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.

കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍?

കേരളത്തിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന പ്രധാന പ്രശ്‌നം വേസ്റ്റ് മാനേജ്‌മെന്റാണ്. ഇത് മറ്റു പല പ്രതിസന്ധികള്‍ക്കും കാരണമാകുന്നു. വേസ്റ്റ് മാനേജ്‌മെന്റ് കൃത്യമായി നടക്കാത്തതിനാലാണ് തെരുവു നായ് പ്രശ്‌നവും രൂക്ഷമാകുന്നത്. കേരളത്തിലെത്തുന്ന പല വിദേശികളെയും അലട്ടുന്ന പ്രധാന പ്രശ്‌നം മാലിന്യം തന്നെയാണ്. അവരുടെ നാട്ടിലെ അവസ്ഥ ഇത്രത്തോളം മോശമല്ല. കേരള ടൂറിസം സെക്രട്ടറി ഡോ.വേണു, പ്രസിഡന്റ് ജോസ് എന്നിവര്‍ ചേര്‍ന്ന് ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ഓരോ കുടുംബങ്ങളും പ്രത്യേകിച്ച് ടൗണ്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ വേസ്റ്റ് മാനേജ്‌മെന്റിന് ഒരു പരിധിവരെ പരിഹാരം കാണാനാവൂ.

മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കേരള ടൂറിസത്തില്‍ ഏറ്റവും മികച്ചതെന്താണ്?
നമ്മുടെ നാട്ടിലെ പ്രകൃതി തന്നെയാണ് കേരള ടൂറിസത്തെ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. കാലം ചെല്ലുന്തോറും ഇതില്‍ മാറ്റം വരുന്നുണ്ടെങ്കിലും ഇവിടുത്തെ പ്രകൃതിഭംഗി തന്നെയാണ് വിനോദ സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നത്.
കേരളത്തില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണ്?
കേരളത്തിലെത്തുന്ന ഓരോ ടൂറിസ്റ്റുകളുടെയും ഇഷ്ടങ്ങള്‍ വ്യത്യസ്തമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവരില്‍ ഭൂരിഭാഗവും ബീച്ച് പ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഹില്‍ സ്റ്റേഷനുകളോടാണ് കൂടുതല്‍ താല്‍പര്യം. ഓരോ രാജ്യക്കാരുടെയും ഇഷ്ടങ്ങളും അഭിരുചികളും വ്യത്യസ്തമാണ്. മൂന്നാറാണ് ഇപ്പോള്‍ ഭൂരിഭാഗം ആളുകളെയും ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം. സീസണ്‍ വ്യത്യാസമില്ലാതെ നിരവധി ടൂറിസ്റ്റുകളാണ് ഇപ്പോള്‍ മൂന്നാറിലേക്കെത്തുന്നത്.

മെഡിക്കല്‍ ടൂറിസം വര്‍ധിച്ചുവരികയാണല്ലോ. ഇതിനെ എങ്ങിനെ കാണുന്നു?

ആയുര്‍വേദ ചികിത്സയ്ക്കായി ടൂറിസ്റ്റുകള്‍ വരുന്നത് ഞങ്ങള്‍ അധികം പ്രോത്സാഹിപ്പിക്കാറില്ല. കാരണം ആയുര്‍വേദ ചികിത്സയ്ക്കു ടൂറിസ്റ്റുകളെത്തുമ്പോള്‍ അവര്‍ക്ക് ഏഴു മുതല്‍ 14 ദിവസം വരെ ചികിത്സയ്ക്കു വേണ്ടി മാത്രം ഇവിടെ താമസിക്കേണ്ടി വരും. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ചികിത്സയ്‌ക്കെത്തുന്നവരെ പ്രോത്സാഹിപ്പിക്കാറുള്ളൂ.

മാര്‍വെല്‍ ഗ്രൂപ്പിന്റെ തുടക്കവും വളര്‍ച്ചയും എങ്ങിനെയായിരുന്നു?

ഓണ്‍ലൈന്‍ ടിക്കറ്റിംഗ് വരുന്നതിന് മുമ്പ് എയര്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്ത് നല്‍കുന്ന ഒരു സ്ഥാപനമായിരുന്നു അച്ഛന് ഉണ്ടായിരുന്നത്. ഇങ്ങനെ കുട്ടിക്കാലം മുതല്‍ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഞാന്‍ കണ്ടിരുന്നത്. കേരളത്തിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. ഇപ്പോള്‍ നിരവധി കമ്പനികളാണ് മാര്‍വെല്‍ ഗ്രൂപ്പിനു കീഴിലുള്ളത്. ടൂറിസ്റ്റുകള്‍ക്ക് ഹൗസ്‌ബോട്ടുകള്‍ മുഖേനെ വിനോദസഞ്ചാരം ഉറപ്പാക്കുന്ന മാര്‍വെല്‍ ക്രൂസ് ആണ് മറ്റൊരു കമ്പനി. ആലപ്പുഴ ആസ്ഥാനമാക്കിയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. എട്ടു ഹൗസ് ബോട്ടുകളാണ് ഈ കമ്പനിയിലുള്ളത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ എക്‌സ്ട്രാ മൈല്‍, ഹോം സ്‌റ്റേ സംവിധാനങ്ങള്‍ക്കായി ഗ്രീന്‍ ആപ്പിള്‍ എക്‌സ്പീ
രിയന്‍സ് തുടങ്ങി എല്ലാ സ്ഥാപനങ്ങളും ടൂറിസത്തിനു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സേവനം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പെര്‍ഫെക്ട് ഹാന്‍ഡ് സൊല്യൂഷന്‍സ്. ഓണ്‍ലൈനിലൂടെയാണ് ഭൂരിഭാഗം സേവനങ്ങളും ലഭ്യമാക്കുന്നത്. സോഷ്യല്‍ മീഡിയ, മൊബീല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയിലൂടെ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കുകയാണ് പെര്‍ഫെക്ട് ഹാന്‍ഡ് സൊലൂഷന്‍സിലൂടെ. വിനോദ സഞ്ചാരികള്‍ക്കാവശ്യമായ താമസവും മറ്റും നല്‍കുന്ന സ്ഥാപനങ്ങളെ അവര്‍ ഈ മേഖലയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയാണ് പെര്‍ഫെക്ട് ഹാന്‍ഡ് സൊല്യൂഷന്‍സ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ഈ കമ്പനി.

മാര്‍വെല്‍ ഗ്രൂപ്പിന്റെ ഭാവി പദ്ധതികള്‍?

ഒരു മൊബീല്‍ ആപ്ലിക്കേഷന് തുടക്കമിടാനുള്ള പദ്ധതികളിലാണ് ഞങ്ങളിപ്പോള്‍. ടൂറിസ്റ്റുകളെ അവര്‍ക്ക് പോകേണ്ട സ്ഥലത്ത് എത്തിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണിത്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഈ ആപ്ലിക്കേഷന്‍ ആക്ടീവാകുമെന്നാണ് പ്രതീക്ഷ. ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അധികമാര്‍ക്കും അറിയാത്ത നിരവധി സ്ഥലങ്ങളുണ്ടാകാം. അത്തരം വ്യത്യസ്ത സ്ഥലങ്ങളെ പരിചയപ്പെടുത്താനാണ് ഈ ആപ്ലിക്കേഷനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ മൊബീല്‍ ആപ്ലിക്കേഷന്‍ ഒരു സ്റ്റാര്‍ട്ടപ്പ് തന്നെയാണ്.

Comments

comments

Categories: FK Special, Slider