ഐഐടി വിദ്യാര്‍ത്ഥികള്‍ക്കു പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി

ഐഐടി വിദ്യാര്‍ത്ഥികള്‍ക്കു പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി

ധര്‍വാഡ്: ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഐഐടി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു പ്രതിമാസം 60,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

കര്‍ണാടകയിലെ ധര്‍വാഡില്‍ ആരംഭിച്ച പുതിയ ഐഐടിയുടെ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 23-ാമത്തെ ഐഐടിയാണിത്. ബിരുദപഠനസമയത്തുതന്നെ വിദ്യാര്‍ത്ഥികളെ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഇന്നൊവേഷനുകള്‍ നടത്താനും സംരംഭകത്വ കഴിവുകളെ പ്രോല്‍സാഹിപ്പിക്കാനും പുതിയ സ്‌കീം സഹായിക്കും. നിങ്ങള്‍ നിങ്ങളുടെ ആശയങ്ങള്‍ നല്‍കുക, സര്‍ക്കാര്‍ അതിനു ധനസഹായം നല്‍കും-ജാവദേക്കര്‍ പറഞ്ഞു.

വിവിധ കോഴ്‌സുകള്‍ക്കും ഗവേഷണ പ്രൊജക്ടുകള്‍ക്കുമായി നിരവധി സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഐഐടികളിലെ ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആദ്യമായാണ് സര്‍ക്കാര്‍ ഇത്രയും വലിയ തുക നല്‍കുന്നതെന്ന് ഐഐടി ധര്‍വാഡ് ഡീന്‍ നാരായണ്‍ പുനേക്കര്‍ പറഞ്ഞു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ മൂന്നു കോഴ്‌സുകളാണ് ആദ്യ വര്‍ഷം ഇവിടെ പഠിപ്പിക്കുക. ഓരോ കോഴ്‌സിനും 40 സീറ്റുകളാണുള്ളത്. അടുത്ത വര്‍ഷം കൂടുതല്‍ കോഴ്‌സുകളാരംഭിക്കുമെന്നും പുനേക്കര്‍ അറിയിച്ചു.

ധര്‍വാഡ് ഐഐടിയിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഐഐടി കാമ്പസ് നിര്‍മ്മിക്കുന്നതിന് കെല്‍ഗേരി നഗരത്തിനു സമീപം 470 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്നും ജാവദേക്കര്‍ അറിയിച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്ക് എഐഐടി ബോംബൈയാണ് ധര്‍വാഡ് ഐഐടിയെ മെന്റര്‍ ചെയ്യുക.

Comments

comments

Categories: Education