എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുമായി പേടിഎം

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുമായി പേടിഎം

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഡിജിറ്റല്‍ ഇന്‍ക്യുബേറ്ററില്‍ (എസ്‌വി.കോ) എന്റോള്‍ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി മൊബീല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ‘സ്റ്റാര്‍ട്ട്ഇന്‍ കോളെജ്’ എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. കോഡിംഗ്, വീഡിയോ ചലഞ്ച് എന്നിവയിലൂടെ എന്‍ജിനീയറിങ് കോളെജുകളില്‍ നിന്നും ടീമുകളായിട്ടായിരിക്കും സ്റ്റാര്‍ട്ട്ഇന്‍ കോളെജ് പ്രോഗ്രാമിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.

വിദ്യാര്‍ത്ഥികളെ പ്രോഗ്രാമിന്റെ ഭാഗമാക്കുന്നതിനു രണ്ട് റൗണ്ടുകളാണ് പേടിഎം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആശയരൂപീകരണം, പ്രോട്ടോടൈപ്പിംഗ്, കസ്റ്റമര്‍ വാലിഡേഷന്‍ തുടങ്ങിയവയില്‍ ആറ് മാസം നീളുന്ന കോഴ്‌സാണ് കമ്പനി സംഘടിപ്പിക്കുക. ഒരിക്കല്‍ പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഭോക്താക്കളുമായി ഇന്ററാക്ട് ചെയ്യാനും മികച്ച പ്രൊഡക്ടുകള്‍ നിര്‍മ്മിക്കാനും സാധിക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന പ്രോഗ്രാം ജൂണ്‍ മാസത്തോടെ അവസാനിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീ ആയ 37,500 രൂപ സ്‌കോളര്‍ഷിപ്പായി ലഭിക്കും.

പ്രോഗ്രാമിന് യൂണിവേഴ്‌സിറ്റി അംഗീകാരം ലഭിക്കുന്നതിന് വിവിധ യൂണിവേഴ്‌സി ബോര്‍ഡുകളുമായി പങ്കാളിത്തവും പേടിഎം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുവഴി ആറ് മാസത്തെ എസ്‌വി.കോ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും പേടിഎം ഉന്നത ഉപാധ്യക്ഷന്‍ ശങ്കര്‍ നാഥ് പറഞ്ഞു. സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. അതുകൂടാതെ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ആവശ്യാനുസരണം ഓണ്‍ഡിമാന്‍ഡ് അസിസ്റ്റന്‍സും ലഭ്യമാക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗുജറാത്ത് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുമായുള്ള (ജിടിയു) സഹകരണത്തോടെ സ്‌പെഷലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും പേടിഎം നല്‍കും. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രമുഖരുമായി സംവദിക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

എന്‍ജിനീയറിങ് കോളെജുകളില്‍ നിന്നും വനിതാ പങ്കാളിത്തമുള്ള ടീമുകളെ പ്രോഗ്രാമിന്റെ ഭാഗമാക്കാനാണ് കമ്പനിയുടെ ശ്രമം. എന്നാല്‍ വനിതാ സ്റ്റാര്‍ട്ടപ്പ് സാരഥികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക പദ്ധതികളൊന്നും കമ്പനി ആവിഷ്‌ക്കരിച്ചിട്ടില്ല. കോഴ്‌സില്‍ ഏകദേശം 40%ത്തിനടുത്ത് വനിതാ സംരംഭക പങ്കാളിത്തമുണ്ടാകുമെന്നും ശങ്കര്‍ നാഥ് പറഞ്ഞു. എസ്‌വി.കോയുമായി ചേര്‍ന്ന് സിലിക്കണ്‍ വാലിയില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ പദ്ധതിയിടുന്ന പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാനാകുമെന്നാണ് പേടിഎം പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Entrepreneurship