ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് ആന്‍ഡ് കമേഴ്‌സ്യല്‍ ഡയലോഗിന് തുടക്കം; വ്യാപാരം വര്‍ധിക്കും

ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് ആന്‍ഡ് കമേഴ്‌സ്യല്‍ ഡയലോഗിന് തുടക്കം; വ്യാപാരം വര്‍ധിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കെറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് ആന്‍ഡ് കമേഴ്‌സ്യല്‍ ഡയലോഗിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്നതിന് തയാറാകണമെന്ന് നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്ത്യ-യുഎസ് സിഇഒ ഫോറത്തിലും ഇരുവരും പങ്കെടുത്തു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ട്രി, ഹണിവെല്‍ ചെയര്‍മാന്‍ ഡേവ് കോട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച സിഇഒ മാരുടെ നിര്‍ദ്ദേശങ്ങള്‍ ഇരുരാജ്യങ്ങളുടെയും സര്‍ക്കാരുകളെ അറിയിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വാണിജ്യവും പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് ചര്‍ച്ചകള്‍ ഉപകരിച്ചെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് പരസ്പരം ഇടപാടുകള്‍ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനുമുള്ള സാഹചര്യങ്ങള്‍ സുഗമമാക്കണമെന്ന് പെന്നി പ്രിറ്റ്‌സ്‌കെര്‍ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയും ബിസിനസും നേരിടുന്ന വളര്‍ച്ചാപ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിന് ഇതാണ് നല്ല സമയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമാണ് രണ്ടാമത് ഇന്ത്യ-യുഎസ് സ്റ്റ്രാറ്റജിക് ആന്‍ഡ് കമേഴ്‌സ്യല്‍ ഡയലോഗിന് നേതൃത്വം നല്‍കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും കഴിഞ്ഞ വര്‍ഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ പുതിയ തലത്തിലേക്ക് വളര്‍ത്തിയത്.ആദ്യമായാണ് സ്ട്രാറ്റജിക് ആന്‍ഡ് കമേഴ്‌സ്യല്‍ ഡയലോഗ് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ പെന്നി പ്രിറ്റ്‌സ്‌കെര്‍ ഇന്ത്യന്‍ സംരംഭകരെ അഭിസംബോധന ചെയ്യും. വിനോദ സഞ്ചാര രംഗത്തെ ഇന്ത്യ-യുഎസ് സഹകരണം ആഘോഷിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

Comments

comments