പെല്ലറ്റ് തോക്കുകള്‍ മാറ്റും; കശ്മീരില്‍ ഇനി പാവ ഷെല്ലുകള്‍

പെല്ലറ്റ് തോക്കുകള്‍ മാറ്റും; കശ്മീരില്‍ ഇനി പാവ ഷെല്ലുകള്‍

ന്യൂഡെല്‍ഹി: കശ്മീരില്‍ അക്രമം നിയന്ത്രിക്കുന്നതിന് സുരക്ഷസൈനികര്‍ പെല്ലറ്റ് തോക്കുകള്‍ക്കുപകരം ഇനി മുതല്‍ ‘പാവ’ ഷെല്ലുകള്‍ ഉപയോഗിച്ചേക്കും. ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ സുരക്ഷാസേന ഇത്തരം പാവ ഷെല്ലുകള്‍ ഉപയോഗിക്കാറുണ്ട്. പൈലറ്റ് ഷെല്ലുകളുടെ ഉപയോഗം നിരവധി പൊതുജനങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റം. പൈലറ്റ് പ്രയോഗത്തിനിടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നൂറിലധികം പേര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്‌തെന്നാണ് പരാതി ഉയര്‍ന്നത്.

മുളകില്‍ എരിവുണ്ടാക്കുന്ന ഘടകത്തിന്റെ ജൈവമിശ്രിതത്തിന്റെ രാസനാമത്തിന്റെ ചുരുക്കെഴുത്താണ് ‘പാവ’ എന്നത്. ഇത്തരം ഷെല്ലുകളുടെ പരീക്ഷണ പ്രയോഗം വിദഗ്ധ സമിതി നേരിട്ടുകണ്ട് വിലയിരുത്തിയിട്ടുണ്ട്. പാവ ഷെല്ലുകള്‍ കണ്ണീര്‍ വാതകത്തേക്കാളും കുരുമുളക് സ്‌പ്രേയെക്കാളും ഫലപ്രദമാണെന്നും പെല്ലറ്റ് തോക്കുകളെപ്പോലെ മാരകമല്ലെന്നുമാണ് നിരീക്ഷിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയാണ് ‘പാവ’ ഷെല്ലുകളെക്കുറിച്ച് ശുപാര്‍ശ നല്‍കിയത്.ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ച് ലക്‌നൗവിലെ സിഎസ്‌ഐആര്‍ ലാബില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പാവ ഷെല്ലുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്. കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Top Stories