പുത്തൂരില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക്

പുത്തൂരില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക്

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൃഗശാല തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ രണ്ടു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്നു പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 150 കോടി വകയിരുത്തുകയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ക്കു വീണ്ടും ജീവന്‍ വയ്ക്കുന്നത്.
ആറുമാസത്തിനകം പാര്‍ക്കിന്റെ പ്രരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞിരുന്നു. 336 ഏക്കറില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരിക്കും.

ഒന്നാം ഘട്ടത്തില്‍ പ്രധാന കെട്ടിട സമുച്ചയം, പക്ഷി മൃഗാദികളുടെ കൂടുകള്‍ , പാര്‍ക്കിങ് ഏരിയ എന്നിവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കുക. നൈറ്റ് സഫാരി അടക്കമുള്ള വിനോദ സഞ്ചാര പദ്ധതികള്‍ രണ്ടാം ഘട്ടത്തില്‍ തയാറാക്കും. മൂന്നു വര്‍ഷത്തിനകം നിലവില്‍ ചെമ്പൂക്കാവിലുള്ള മൃഗശാല പൂര്‍ണമായും പൂത്തൂരിലേക്ക് മാറ്റാനാകും. പാര്‍ക്കുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

നിലവില്‍ ഹൈദരാബാദിലാണ് രാജ്യത്തെ ഏറ്റവും വലിയ മൃഗശാലയുള്ളത്. 225 ഏക്കറിലാണ് ഹൈദരാബാദിലെ മൃഗശാല സ്ഥിതി ചെയ്യുന്നത്. പുത്തൂരിലെ മൃഗശാലയുടെ നിര്‍മാണം സിപിഡബ്ല്യുഡിയെ ഏല്‍പ്പിക്കാന്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കണം. ഇക്കാര്യവും തീരുമാനമായിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന വിവരം. അനുമതി ഉത്തരവായി പുറത്തിറങ്ങിയാല്‍ പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിക്കാനാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഒന്നാംഘട്ടത്തില്‍ മൃഗങ്ങള്‍ക്കാവശ്യമായ കുടിവെള്ള, വാസ സൗകര്യം, കവാടം, പാര്‍ക്കിംഗ് തുടങ്ങിയവയാണ് ഉള്‍പ്പെടുത്തുക. പുത്തൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൃഗശാല നിര്‍മിക്കാന്‍ 20062011 കാലഘട്ടത്തില്‍ ഭരണത്തിലിരുന്ന ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെ ധാരണയായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സിപിഡബ്ല്യുഡിയുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുത്തൂരിലേക്കുള്ള റോഡ് നിലവില്‍ സുഗമമായ യാത്രയ്ക്ക് ഉപയോഗിക്കാനാവുന്നതാണ്. നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാനും പ്രയാസമില്ല. ആവശ്യമായ വൈദ്യുതിക്ക് വകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വനസൗന്ദര്യത്തിനും ആവാസ വ്യവസ്ഥക്കും ഭംഗം വരാത്ത രീതിയില്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദ മൃഗശാലയായിരിക്കും പുത്തൂരില്‍ നിര്‍മിക്കുക. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ മൃഗശാലയാക്കി മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഭൂമിക്കുള്ളില്‍ സ്വകാര്യ വ്യക്തികളുടെ ചുരുക്കം വസ്തുവകകള്‍ കിടപ്പുണ്ട്. മൃഗശാല നിര്‍മിക്കാന്‍ എല്ലാ നഷ്ടപരിഹാരവും നല്‍കി ഇവ ഏറ്റെടുക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഇതിനു പുറമേ ആവശ്യമെങ്കില്‍ സമീപമുള്ള വനം വകുപ്പിന്റെ തന്നെ 65 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്ന കാര്യവും പരിഗണിക്കും. പാര്‍ക്കില്‍ നിര്‍മാണം നടക്കുന്ന കെട്ടിടവും മറ്റും മന്ത്രി നേരത്തെ പരിശോധിച്ചിരുന്നു. പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനും ഓഫിസ് ആവശ്യത്തിനും മറ്റുമുള്ള ക്വാര്‍ട്ടേഴ്‌സുകളാണ് നിര്‍മാണത്തിലിരിക്കുന്നത്. രണ്ടരക്കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്.

സഫാരി പാര്‍ക്ക്, ട്രാംപ്‌വേ എന്നിവ ഉള്‍പ്പെടെയുള്ള വിപുലമായ സുവോളജിക്കല്‍ പാര്‍ക്കാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരില്‍ നിലവിലുള്ള മൃഗശാലയെ 13.5 ഏക്കര്‍ വരുന്ന സ്ഥലവും സൗകര്യങ്ങളും ആവാസ വ്യവസ്ഥയും നിലനിര്‍ത്തിക്കൊണ്ട് സാംസ്‌കാരിക സമുച്ചയം പോലുള്ള മറ്റൊരു വലിയ സ്ഥാപനമാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞിരുന്നു. തൃശൂര്‍ ജില്ലയില്‍ ഒരു സാംസ്‌കാരിക സമുച്ചയം നിര്‍മിക്കാന്‍ ബജറ്റില്‍ 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പദ്ധതിയുടെ നാള്‍വഴികള്‍ കേവലം 13 ഏക്കറില്‍ അഞ്ഞൂറിലധികം മൃഗങ്ങള്‍ അധിവസിക്കുന്ന തൃശൂര്‍ ചെമ്പൂക്കാവിലുള്ള മൃഗശാല മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം എന്നും വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. 1950 കാലഘട്ടത്തില്‍ വന്‍ തോതില്‍ കൃഷ്ണമൃഗങ്ങള്‍ ഇവിടെ ചത്തൊടുങ്ങിയത് സാംസ്‌കാരിക നഗരിക്ക് ഒരിക്കലും മറക്കാനാവാത്ത മുറിവായി ഇന്നും അവേശേഷിക്കുന്നു. അതിന്റെ ബാക്കി പത്രമെന്നോണം വൈലോപ്പിള്ളി എഴുതിയ കൃഷ്ണമൃഗങ്ങള്‍ എന്ന കവിത സാംസ്‌കാരിക ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല തൃശൂരില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. മനുഷ്യന്റെ വിനോദത്തിനായി മൃഗങ്ങള്‍ പീഡിപ്പിക്കപ്പെടരുതെന്ന കാഴ്ചപ്പാട് ഇതോടെ പൊതുസമൂഹത്തില്‍ വേരോടിത്തുടങ്ങി. ഈ സമയത്താണ് വേള്‍ഡ് സൂ കണ്‍സര്‍വേഷന്‍ സ്ട്രാറ്റജി എന്ന പേപ്പര്‍ 1993ല്‍ ആഗോള തലത്തില്‍ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നേടിയത്. ഇതനുസരിച്ച് ഓരോ ജീവികള്‍ക്കും വേണ്ട ആവാസ സ്ഥാനങ്ങള്‍ ചുരുങ്ങിയത് എത്രത്തോളം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതു പിന്തുടരുന്ന മൃഗശാലകള്‍ മാത്രം നിലനിര്‍ത്തിയാല്‍ മതി എന്ന നിര്‍ദേശം കര്‍ശനമായി. ഇത് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ സൗകര്യം ഒരുക്കണമെന്ന നില വന്നു. എന്നാല്‍ തൃശൂര്‍ മൃഗശാലയെ സംബന്ധിച്ച് ഇത്തരം സൗകര്യങ്ങളൊരുക്കാന്‍ സഥലപരിമിതി ഉണ്ടായിരുന്നു. സൗകര്യങ്ങള്‍ ഉറപ്പു വരുത്താതായതോടെ സെന്‍ട്രല്‍ സൂ അതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റ് തടഞ്ഞുവയ്ക്കപ്പെട്ടു. 1996 മുതല്‍ മൃഗശാല പ്രവര്‍ത്തിക്കുന്നത് അതില്‍ നിന്നു ലഭിക്കുന്ന വരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ സൂ ആന്റ് മ്യൂസിയം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ചും മാത്രമാണ്.

മൃഗശാലയുടെ അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥയും സാംസ്‌കാരിക ലോകത്തു നിന്നുള്ള പ്രതിഷേധങ്ങളും ശക്തമായപ്പോള്‍ പുത്തൂരില്‍ വനംവകുപ്പിനു കീഴിലുള്ള സഥലത്ത് നിര്‍ദിഷ്ട പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്ന ആശയം ഉയര്‍ന്നു. കേരളത്തില്‍ നിലവിലുള്ള രണ്ട് മൃഗശാലകളും പ്രവര്‍ത്തിക്കുന്നത് കേരള സര്‍ക്കാരിനു കീഴിലുള്ള സൂ ആന്റ് മ്യൂസിയം വകുപ്പിനു കീഴിലാണ്. പുത്തൂരില്‍ ഏറ്റെടുത്തിട്ടുള്ള സ്ഥലം വരുന്നതാകട്ടെ വനം വകുപ്പിനു കീഴിലും. സ്വാഭാവികമായും വകുപ്പ് തലത്തില്‍ പാര്‍ക്കിന്റെ നടത്തിപ്പിനെച്ചൊല്ലി വടംവലി ശക്തമാകാന്‍ തുടങ്ങി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും സുവോളജിക്കല്‍ പാര്‍ക്കുകള്‍ നടത്തുന്നത് വനം പരിസ്ഥിതി മന്ത്രാലയങ്ങളാണ്. ഇതു മുന്‍നിര്‍ത്തി വനം വകുപ്പ് നടത്തിപ്പിന് വേണ്ടി അവകാശവാദമുന്നയിച്ചു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം നീണ്ടു പോയപ്പോള്‍ പദ്ധതിയും നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സുവോളജിക്കല്‍ പാര്‍ക്കിന്റെ നടത്തിപ്പ് വനം വകുപ്പിന് വിട്ടു നല്‍കാന്‍ തീരുമാനമായതോടെ പ്രധാന തര്‍ക്കങ്ങള്‍ക്കു വിരാമമായി.

പിന്നീട് പ്രസിദ്ധ ഓസ്‌ട്രേലിയന്‍ ആര്‍ക്കിടെക്റ്റ്, ജോണ്‍ കോ, പാര്‍ക്കിന്റെ രൂപരേഖ തയാറാക്കി. അറുപതോളം രാജ്യങ്ങളില്‍ മൃഗശാലകള്‍ ഡിസൈന്‍ ചെയ്ത് അത് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തിട്ടുള്ള അദ്ദേഹം, സ്ഥലം നേരിട്ട് കണ്ട് ആദ്യം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. ഇത് സെന്‍ട്രല്‍ സൂ അതോറിറ്റി അംഗീകരിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ പാര്‍ക്കിന്റെ മൈക്രോ ലെവല്‍ ഡിസൈനിങ്ങും ആരംഭിച്ചു. ഇതിനും അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു. ഈ ഘട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഉയര്‍ന്നുവരുന്നത്. നിര്‍മാണം സെന്‍ട്രല്‍ പിഡബ്ല്യുഡിയെ ഏല്‍പ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ആയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സുവോളജിക്കല്‍ പാര്‍ക്ക് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍
ഇപ്പോഴത്തെ നിലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ മൃഗശാലയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാവുമെന്ന് സര്‍വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റും ഫ്രണ്ട്‌സ് ഓഫ് സൂ സെക്രട്ടറിയുമായ എം. പീതാംബരന്‍ പറയുന്നു. നിര്‍മാണം പൂര്‍ത്തിയായാല്‍ തൃശൂര്‍ മൃഗശാലയിലുള്ള മൃഗങ്ങളെ പുത്തൂരിലേക്കു മാറ്റാനാവും. ഇതോടൊപ്പം തന്നെ പക്ഷി സങ്കേതത്തിനും പ്രാധാന്യം നല്‍കും. ദേശാടനപക്ഷികള്‍ക്കുള്ള ഇടത്താവളമാകാവുന്ന രീതിയിലേക്കുകൂടി പുത്തൂരിലെ പക്ഷി സങ്കേതം മാറ്റാവുന്ന തരത്തിലുള്ള പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ തന്നെ നടത്തണം. രണ്ടാംഘട്ടത്തില്‍ കേരളത്തിനു പുറത്തു നിന്നുള്ള മൃഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി മൃഗശാല കൂടുതല്‍ വിപുലമാക്കും. മൂന്നാംഘട്ടത്തില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന നിലയിലേക്ക് മൃഗശാലയുടെ പ്രവര്‍ത്തനം മാറും. കേവലം ഒരു വിനോദ കേന്ദ്രം മാത്രമാവാതെ ഗവേഷണ പ്രവര്‍ത്തനങ്ങളും പഠന പ്രവര്‍ത്തനങ്ങളും കൂടി നടത്താനുള്ള കേന്ദ്രമായി ഇവിടം മാറണം. മൃഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പു വരുത്തി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും തുടര്‍ പഠനത്തിനും ഗവേഷണത്തിനും അവസരം നല്‍കിക്കൊണ്ടുള്ള ഒരു സ്ഥാപനമായി ഇത് മാറുമെന്നാണ് പ്രതീക്ഷ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പണി തുടങ്ങി പൂര്‍ത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യ മൃഗശാല എന്ന നിലയില്‍ ആത്യാധുനിക സൗകര്യങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തുന്ന സങ്കേതമായിക്കൂടി പുതിയ മൃഗശാല മാറേണ്ടിയിരിക്കുന്നു.

കേരളത്തെ സംബന്ധിച്ചും തൃശൂര്‍ ജില്ലയെ സംബന്ധിച്ചും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറന്നിടുന്നത് പുത്തന്‍ അവസരങ്ങളാണ്. മൃഗങ്ങളെ സംരക്ഷിക്കുകയെന്ന മനോഭാവം പൊതുവില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതോടൊപ്പം വന്‍തോതില്‍ തൊഴിലവസരങ്ങളും ഇവിടെയുണ്ടാവും. പരിമിതമായ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോലും എട്ട് ലക്ഷത്തോളം സന്ദര്‍ശകര്‍ പ്രതിവര്‍ഷം തൃശൂര്‍ മൃഗശാലയില്‍ എത്തുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് മൃഗശാലയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മുന്നോട്ടുപോകുന്നതും. പുതിയ പാര്‍ക്ക് വന്നു കഴിഞ്ഞാല്‍ മലമ്പുഴ, പീച്ചി, അതിരപ്പള്ളി, തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടൂറിസ്റ്റ് ബെല്‍റ്റായി ഇത് രൂപാന്തരപ്പെടും. ഒരു വര്‍ഷത്തില്‍ 25 ലക്ഷം ആളുകളെങ്കിലും ഇവിടെ സന്ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. ഒല്ലൂക്കര കൊടകര ബ്ലോക്കിലുള്ള പ്രദേശങ്ങളില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. ഗ്രാമീണ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന വരുമാനവര്‍ധ പദ്ധതിയുടെ മറ്റൊരു പ്രധാന ഗുണഫലമാണ്.

Comments

comments

Categories: FK Special