പത്തു തലയുള്ള ബിസിനസുകാരന്‍!

പത്തു തലയുള്ള ബിസിനസുകാരന്‍!
കേരളത്തിലെ ഒരു വലിയ വിഭാഗം ബിസിനസുകാര്‍ 
 
 

അനുഭവിക്കുന്ന ഒരു ദുരന്തത്തെക്കുറിച്ചാണ് ഇന്നു പറയാനുള്ളത്. ശരിയായ സമയത്ത് ശരിയായ ബിസിനസിലേക്ക് ആര് ഇറങ്ങിച്ചെന്നാലും ചെറിയ വിജയങ്ങളുണ്ടായെന്നുവരാം. കേരളത്തിലെ പല പരമ്പരാഗത ബിസിനസുകാരും അങ്ങനെ വിജയിച്ചവരാണ്. പക്ഷേ, അതേ രീതികള്‍ ഉപയോഗിച്ച് ബിസിനസ് വളര്‍ത്തിയെടുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാലം മാറുന്നുവെന്നും, അതിനനുസരിച്ച് മാനേജ്‌മെന്റ് രീതികളിലും മാറ്റങ്ങള്‍ വരണമെന്നതും നാം തിരിച്ചറിഞ്ഞേ പറ്റൂ

ഴിഞ്ഞയാഴ്ചയാണ് കേരളത്തിലെ ഒരു പ്രശസ്തമായ ധനകാര്യ സ്ഥാപനത്തില്‍ കണ്‍സള്‍ട്ടിംഗ് എന്താണെന്ന് അവതരിപ്പിക്കാനുള്ള ഒരു മീറ്റിംഗിനു പോയത്. പുറമെ നിന്ന് നോക്കുമ്പോള്‍ അത്യാവശ്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം തന്നെയാണത്. പോരാത്തതിന് വെബ്‌സൈറ്റില്‍ പ്രഗത്ഭരായ ഒരുപറ്റം വ്യക്തികളുടെ ചിത്രവും കണ്ടു, ഉപദേശകരായും അഭ്യുദയകാംക്ഷികളായും ഒക്കെ! മാത്രമല്ല, വളരെ ‘പ്രൊഫഷണല്‍’ ആയി കാര്യങ്ങളെ സമീപിക്കുന്നവരാണെന്ന് ആരോ പറയുകയും ചെയ്തു! മൊത്തത്തില്‍ ഞാന്‍ വളരെ  ഹാപ്പിയായി.. കണ്‍സള്‍ട്ടിംഗ് എന്താണെന്ന് അധികം വിവരിച്ച് കഷ്ടപ്പെടേണ്ടല്ലോ!

 

അങ്ങനെ, മുന്‍കൂട്ടി പറഞ്ഞ സമയത്തു തന്നെ രണ്ടു മൂന്നു പേരടങ്ങുന്ന ഒരു സംഘമായി ഞങ്ങള്‍ അവിടെയെത്തി. (കോട്ട് ഇടണോ വേണ്ടയോ എന്ന മാനസിക സംഘര്‍ഷം യാത്രയില്‍ ഉടനീളമുണ്ടായിരുന്നു! കാരണം കേരളത്തിലെ ചില ബിസിനസുകാര്‍ കോട്ട് ഇട്ടാല്‍ ജാടയാണെന്ന് പറയും ഇല്ലെങ്കിലോ ‘അത്രയ്ക്കങ്ങു പോരാ’ എന്നും!). എന്തായാലും ചെന്നിറങ്ങിയപ്പോള്‍ മുന്നില്‍ നിന്നിരുന്ന സെക്യൂരിറ്റിയെ കണ്ടതോടെ കോട്ട് ഞങ്ങള്‍ കാറിന്റെ ഡിക്കിയിലേക്ക് മാറ്റി ഒളിപ്പിച്ചുവെച്ചു! അകത്തേയ്ക്കു ചെന്നു. വലിയ ബോര്‍ഡ് റൂം സെറ്റ് ചെയ്തിരിക്കുന്നു.

 

എല്‍സിഡി പ്രൊജക്റ്റര്‍ ഇത്യാദി സജ്ജീകരണങ്ങളും ഉണ്ട്. ഉടനെ ടോപ് മാനേജ്‌മെന്റ് ടീമിലെ രണ്ടു പേര്‍ വന്നു. മുഖഭാവം മൊണാലിസയെ വെല്ലും…ചിരിയാണോ കരച്ചിലാണോ ദേഷ്യമാണോ എന്ന് പല പല ആംഗിളുകളിലൂടെ വീക്ഷിച്ച് മനസിലാക്കിയെടുക്കണം! രണ്ടു മിനിട്ടു നേരത്തെ മൗനത്തിനു ശേഷം സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ എത്തി. പുള്ളി സ്ഥലത്തെ ഒരു പ്രമാണി കൂടിയാണ്.

 

പുള്ളി എന്നെ നോക്കി പറഞ്ഞു തുടങ്ങി …’എന്നോട് ചിലരൊക്കെ പറഞ്ഞത് ഒരു കണ്‍സള്‍ട്ടിംഗ് ഇല്ലാതെ മുന്നോട്ടുപോയാല്‍ ശരിയാകില്ലെന്നാണ്. മാത്രമല്ല നമ്മുടെ കോംപീറ്റിംഗ് സ്ഥാപനങ്ങള്‍ക്ക് കണ്‍സല്‍ട്ടന്റ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്. അപ്പോള്‍ നിങ്ങള്‍ എന്താ ചെയ്യാന്‍ പോകുന്നത് എന്നൊന്ന് പറഞ്ഞോളൂ..’ 

 

സെക്യൂരിറ്റിയെയും മൊണാലിസയെയും പിന്നെ നമ്മുടെ പ്രമാണിയെയും കണ്ട ഞെട്ടലില്‍ നിന്ന് മുക്തരായിരുന്നില്ലെങ്കിലും ഞങ്ങള്‍ ഒരു ബിസിനസിന് വേണ്ട ഏഴ് ‘എസ് ‘ കളെ കുറിച്ച് പറയാന്‍ തുടങ്ങി. ഷെയേര്‍ഡ് വാല്യൂസ്, സ്ട്രാറ്റജി, സ്ട്രക്ച്ചര്‍, സിസ്റ്റം, സ്റ്റാഫ്, സ്‌കില്‍, സ്‌റ്റൈല്‍ എന്നിവയെ കുറിച്ച് വളരെ ചുരുക്കിപ്പറഞ്ഞു. അതിനു ശേഷം വിഷന്‍, മിഷന്‍ എന്നിവ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. എന്നിട്ട് ഞാന്‍ ഒരു ചെറിയ സംശയം ചോദിച്ചു..നമ്മുടെ ഓര്‍ഗനൈസേഷന്റെ വിഷന്‍ ഒക്കെ സെറ്റ് ചെയ്തു കാണുമല്ലോ അല്ലേ?

 

ചോദ്യം കേട്ടതും പുള്ളി ഉടനെ നമ്മുടെ ‘മൊണാലിസ ‘ ജനറല്‍ മാനേജരെ നോക്കി. ‘പിന്നല്ലാതെ സാര്‍…അതൊക്കെ നമ്മള്‍ സെറ്റാക്കി വെച്ചിട്ടുണ്ട്!’ ജനറല്‍ മാനേജര്‍ വിട്ടുകൊടുത്തില്ല! എങ്കില്‍ വിഷന്‍ സ്റ്റേറ്റ്‌മെന്റ് ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന് കൂടെയുണ്ടായിരുന്ന ഞങ്ങളുടെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ദീപേഷിന് ഒരാഗ്രഹം. ആഗ്രഹം പറഞ്ഞതും മൊണാലിസ മാനേജര്‍ ചാടിക്കേറി പറഞ്ഞു…’അല്ല..അതങ്ങനെ പുറത്തുള്ളവരെ കാണിക്കാന്‍ പറ്റില്ല!’ പുറത്തു കാണിക്കാന്‍ പറ്റാത്ത അവരുടെ വിഷന്‍ എന്തായിരിക്കുമെന്നതിന്റെ ചിന്തയില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഉടമസ്ഥന്‍ ഇടപെട്ടു.’അല്ല…നിങ്ങള്‍ ഇപ്പോള്‍ ഈ ഏഴ് ‘എസ് ‘ എന്നൊക്കെ പറഞ്ഞല്ലോ.. ഇതൊക്കെ നമ്മുടെ തലയില്‍ പണ്ടേ ഉള്ളതാ…ഏഴല്ല..പത്തെണ്ണം വരെ ഉണ്ട്! അല്ലെങ്കില്‍ നമുക്ക് ഇങ്ങനെയൊക്കെ ആവാന്‍ പറ്റില്ലല്ലോ…പുതിയ എന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞോ ‘ ..ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേയ്ക്ക് അപ്പൊ തന്നെ ഫോണ്‍ ചെയ്ത് ഏറ്റവും പുതിയ ഐറ്റം വരുത്തിയാലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ആവേശം കടിച്ചമര്‍ത്തി. ‘സാര്‍ ഒരു സംഭവം തന്നെ’ എന്നു പറഞ്ഞു കൈ കൊടുത്തു. 

 

സാറും മൊണാലിസയും ഒരു വിജയച്ചിരി പാസാക്കി! എത്രയും പെട്ടെന്ന്  കാറില്‍ കയറി (കോട്ട് ഇട്ട് ) തിരിച്ചു പോന്നു!

 

കേരളത്തിലെ ഒരു വലിയ വിഭാഗം ബിസിനസുകാര്‍ അനുഭവിക്കുന്ന (അവര്‍ മനസിലാക്കാത്ത) ദുരന്തമാണിത്. ശരിയായ സമയത്ത് ശരിയായ ബിസിനസിലേക്ക് ആര് ഇറങ്ങിച്ചെന്നാലും ചെറിയ വിജയങ്ങളുണ്ടായെന്നുവരാം. കേരളത്തിലെ പല പരമ്പരാഗത ബിസിനസുകാരും അങ്ങനെ വിജയിച്ചവരാണ്. പക്ഷേ, അതേ രീതികള്‍ ഉപയോഗിച്ച് ബിസിനസ് വളര്‍ത്തിയെടുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാലം മാറുന്നുവെന്നും, അതിനനുസരിച്ച് മാനേജ്‌മെന്റ് രീതികളിലും മാറ്റങ്ങള്‍ വരണമെന്നതും നാം തിരിച്ചറിഞ്ഞേ പറ്റൂ. 

 

പലപ്പോഴും വലിയ സ്ട്രാറ്റജിയും സ്ട്രക്ച്ചറും സിസ്റ്റവും ഒന്നുമില്ലാതെ പരമ്പരാഗത ശൈലിയില്‍ ബിസിനസ് നടത്തി നൂറു കോടി വരെ വാര്‍ഷിക ടേണ്‍ ഓവര്‍ ഉണ്ടാക്കുന്ന പലരും കേരളത്തിലുണ്ട്. പക്ഷേ, പിന്നീടുള്ള പലരുടെയും പ്രയാണം വളരെ പതുക്കെയോ അഥവാ നിലച്ചു പോകുകയോ ആണ് പതിവ്. നിങ്ങളെ അവിടെ വരെ എത്തിച്ച സ്ട്രാറ്റജിക്കോ സ്റ്റാഫിനോ ഒരുപക്ഷെ അവിടെ നിന്ന് മുകളിലേക്ക് പോകാന്‍ നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞെന്നു വരില്ല, പ്രത്യേകിച്ചും വളരെ മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തില്‍. എല്ലാം അറിയും എന്ന തോന്നല്‍ നിങ്ങളുടെ ബിസിനസിന്റെ അന്തകനായേക്കാം. 

 

അതിനാല്‍ കൂടുതല്‍ അറിയാനുള്ള മനോഭാവം വളര്‍ത്തിയെടുക്കുക. പത്തു തലയുണ്ടെന്ന തോന്നല്‍ മാറ്റി വെച്ച് ഉള്ള ഒറ്റ തല കൊണ്ട് ശരിയായ ദിശയില്‍ ചിന്തിക്കുക. (അല്ലേലും പത്ത് തലയുള്ളവരെ കണ്‍സള്‍ട്ട് ചെയ്യുന്ന കാര്യം ഒന്നു ചിന്തിച്ചു നോക്കിയേ!)

 

(കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്രമ്മ ലേണിംഗ് സൊലൂഷന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ലേഖകന്‍)

Comments

comments

Related Articles