ഓസ്‌ട്രേലിയയില്‍ ഉന്നത പഠനം: ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ‘അംബാസഡര്‍ ഫോര്‍ അഡലെയ്ഡ്’ മത്സരം

ഓസ്‌ട്രേലിയയില്‍ ഉന്നത പഠനം: ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ‘അംബാസഡര്‍ ഫോര്‍ അഡലെയ്ഡ്’ മത്സരം

വിജയിക്ക് മുഴുവന്‍ ചെലവും സഹിതമുള്ള നാലാഴ്ചത്തെ സൗജന്യ അഡലെയ്ഡ് സ്റ്റഡി ടൂര്‍ സമ്മാനം. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു മത്സരം

കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ഥികളെ പഠനത്തിനായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് വടക്കന്‍ ഓസ്‌ട്രേലിയന്‍ നഗരമായ അഡലെയ്ഡ് ഇതാദ്യമായി ദക്ഷിണേന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘അംബാസഡര്‍ ഫോര്‍ അഡലെയ്ഡ്’ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലെ വിജയിക്ക് അഡലെയ്ഡിലെ വിദ്യാഭ്യാസ സാധ്യതകള്‍ നേരിട്ട് വിലയിരുത്താന്‍ മുഴുവന്‍ ചെലവും സഹിതമുള്ള നാലാഴ്ചത്തെ സൗജന്യ സ്റ്റഡി ടൂര്‍ സമ്മാനമായി നല്‍കും.

2016 സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്ന മത്സരം കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമായാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി അംബാസഡര്‍ ഫോര്‍ അഡലെയ്ഡ് മത്സരം ഇതാദ്യമായി സംഘടിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്റ്റഡിഅഡലെയ്ഡ് സിഇഒ കാരിന്‍ കെന്റ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി വടക്കന്‍ ഓസ്‌ട്രേലിയയെ ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള സ്‌പോണ്‍സര്‍ഷിപ്പ് പരിപാടിയാണ് അംബാസഡര്‍ ഫോര്‍ അഡലെയ്‌ഡെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുക. വീഡിയോ ദൃശ്യം കണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയാണ് ആദ്യഘട്ടം. ഇതിലെ വിജയിയെ ഭാഗ്യനറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. തുടര്‍ന്ന് വ്യക്തിപരമായ വിവരങ്ങള്‍ സഹിതം ‘അംബാസഡര്‍ ഫോര്‍ അഡലെയ്ഡ’ാകാന്‍ അപേക്ഷിക്കാനുള്ള കാരണങ്ങളും സമര്‍പ്പിക്കണം. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 100 ഫൈനലിസ്റ്റുകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാന്‍ പാകത്തില്‍ ഹ്രസ്വമായ പ്രസംഗം വീഡിയോയില്‍ ചിത്രീകരിച്ച് നല്‍കണം. തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ www.studyadelaideevents.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നിലവിലെ കണക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രധാനമായും തെരഞ്ഞെടുക്കുന്നത്. ഓസ്‌ട്രേലിയയില്‍ പഠനത്തിനായി എത്തുന്ന വിദേശികളില്‍ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ്. എന്നാല്‍ തൊഴിലധിഷ്ഠിത, പരിശീലന വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Comments

comments