ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷ കാക്കുന്നുവോ?

ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷ കാക്കുന്നുവോ?

ഇന്ത്യയുടെ സാധ്യകളെ പരിശോധിക്കുമ്പോള്‍ നിലവിലെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറം രാജന്റെ നിലപാട് ശ്രദ്ധേയമാണ്


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ ഗവര്‍ണര്‍ എന്ന നിലയില്‍ രഘുറം രാജന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ ആര്‍ബിഐയുടെ അവസാന വാര്‍ഷിക റിപ്പോര്‍ട്ടില്‍ അദ്ദേഹം നടത്തുന്ന വിലയിരുത്തലുകള്‍ക്കും പ്രസക്തി ഏറെയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ സാധ്യതകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വളര്‍ച്ച പ്രതീക്ഷിച്ചത്ര കൈവരിക്കാന്‍ സാധിച്ചില്ലെന്നാണ് രാജന്റെ വിലയിരുത്തല്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഫോക്കസ് സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം പിടിച്ചുനിര്‍ക്കുക, ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ക്ലീന്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങളിലാണെന്ന് രാജന്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ പണപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധത്തിലും ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്ന കാര്യത്തിലും ആര്‍ബിഐയുടെ പുതിയ ഗവര്‍ണറായ ചുമതലയേല്‍ക്കാനിരിക്കുന്ന ഉര്‍ജിത് പട്ടേലും യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും തയാറാകില്ലെന്നാണ് സൂചന.

സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ചടത്തോളം ശുഭകരമായ നാളുകളാണെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. ചരക്കുസേവനനികുതി (ജിഎസ്ടി) ബില്‍ പാസാക്കിയതും മികച്ച മണ്‍സൂണും സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്ന് ആര്‍ബിഐ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. പുതിയ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഉപഭോഗം വര്‍ധിക്കുന്നതിനും വിപണിയിലെ ആവശ്യകത കൂടുന്നതിനും കാരണമാകുമെന്നും ആര്‍ബിഐ പറയുന്നു. അതേസമയം പണപ്പെരുപ്പം കുറഞ്ഞാല്‍ മാത്രമേ പലിശനിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയാറാകൂവെന്ന സൂചനയും വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്നു. കാര്‍ഷികരംഗത്ത് ഉണര്‍വുണ്ടാകുന്നത് ജിഡിപി വളര്‍ച്ചയില്‍ പ്രതിഫലിക്കുമെന്നതും ആശ്വാസകരമാണ്.

നിശ്ചലാവസ്ഥയിലുള്ള പദ്ധതികള്‍ക്ക് വേഗത്തില്‍ ക്ലിയറന്‍സ് ലഭിക്കുന്നത് മൊത്തത്തിലുള്ള ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തിയതായി ആര്‍ബിഐ സൂചിപ്പിക്കുന്നുണ്ട്. ഇത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ നേരായ ദിശയിലാണെന്ന വാദത്തിന് ശക്തി പകരുന്നു. റോഡുകളുടെയും തുറമുഖങ്ങളുടെയുമെല്ലാം വികസനത്തില്‍ മികച്ച മുന്നേറ്റമുണ്ടായതായി ആര്‍ബിഐ വിലയിരുത്തുന്നുണ്ട്. ആര്‍ബിഐയുടെ ഈ അജണ്ട വെച്ചുതന്നെയായിരിക്കും പുതിയ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും മുന്നോട്ടുപോകുകയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

Comments

comments

Categories: Business & Economy, Slider