ഫോബ്‌സ് മാസികയുടെ ഏഷ്യാസ് ഫാബില്‍ 8 ഇന്ത്യന്‍ കമ്പനികള്‍

ഫോബ്‌സ് മാസികയുടെ ഏഷ്യാസ് ഫാബില്‍ 8 ഇന്ത്യന്‍ കമ്പനികള്‍
ഫോബ്‌സ് മാസികയുടെ ഈ വര്‍ഷത്തെ ഏഷ്യാസ് ഫാബ് 50 പട്ടികയില്‍ എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി. ഇന്ത്യന്‍ കമ്പനികളില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ ഐടി കമ്പനിയായ ടെക് മഹീന്ദ്രയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 7.2 ബില്ല്യണ്‍ ഡോളറാണ് ടെക് മഹീന്ദ്രയുടെ വിപണി മൂല്യം. അരബിന്ദോ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, മദര്‍സണ്‍ സുമി സിസ്റ്റംസ്, സുമി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, ഐഷര്‍ മോട്ടേഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവരാണ് മറ്റ് ഇന്ത്യന്‍ കമ്പനികള്‍. ഇതില്‍ ബജാജ് ഫിന്‍സെര്‍വ്, ഐഷര്‍ മോട്ടേഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവര്‍ ആദ്യമായാണ് ഈ പട്ടികയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
 
ഏഷ്യന്‍ മേഖലയിലെ കുറഞ്ഞത് 1.7 ബില്ല്യണെങ്കിലും വര്‍ഷിക വരുമാനമുള്ള  1,524 ലിസ്റ്റഡ് കമ്പനികളില്‍ നിന്നാണ് 50 കമ്പനികളെ തെരഞ്ഞെടുത്തത്. ഒരു ഡസനിലധികം സാമ്പത്തിക അളവുകോലുകള്‍ ഉപയോഗിച്ചായിരുന്നു ഇവയെ വിശകലനം ചെയ്തത്. 50 ശതമാനത്തിലേറെ വായ്പാ അനുപാതമുള്ള കമ്പനികളെയും വിവിധ സര്‍ക്കാരുകള്‍ക്ക് പകുതിയെങ്കിലും ഓഹരികളുള്ള കമ്പനികളെയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 
 
സണ്‍ഫാര്‍മ ഫോബ്‌സിന്റെ ലോകത്തിലെ മികച്ച ഇന്നൊവേറ്റീവ് കമ്പനികളുടെ പട്ടികയിലും ഇന്ത്യയില്‍ നിന്നുള്ള സൂപ്പര്‍ 50 കമ്പനികളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പുതിയ ഉല്‍പ്പന്നങ്ങള്‍, പേറ്റന്റുകള്‍, ഏറ്റെടുക്കലുകള്‍, ലോ-മാര്‍ജിന്‍ ബിസിനസില്‍ നിന്നുള്ള നിന്നു പിന്തിരിയാനുള്ള ശ്രമങ്ങള്‍, യുക്തിപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ നേട്ടത്തിനു സഹായകമായത്. 1986ല്‍ സ്ഥാപിതമായ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അരബിന്ദൊ ഫാര്‍മ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള 10 മരുന്നു നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്. യുഎസ്, യൂറോപ്പ് തുടങ്ങിയ ആഗോള വിപണികളില്‍ നിന്നാണ് കമ്പനിയുടെ 70 ശതമാനം വിറ്റുവരവും ലഭിക്കുന്നത്. 6.5 ബില്ല്യണാണ് സ്ഥാപനത്തിന്റെ വിപണി മൂല്യം.
 
ബജാജ് ഫിന്‍സെര്‍വ് ആദ്യമായാണ് പട്ടികയില്‍ ഇടം നേടുന്നത്. സഞ്ജീവ് ബജാജ് നയിക്കുന്ന കമ്പനി സുസ്ഥിര വളര്‍ച്ച നേടുന്നതിന് ഇന്നൊവേറ്റീവായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുവെന്നാണ് ഫോബ്‌സ് വിലയിരുത്തുന്നത്.
 
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റേത് പ്രചോദനാത്മകമായ വിജയകഥയാണെന്ന് ഫോബ്‌സ് പറയുന്നു. ഒരുകാലത്ത് എല്ലാവരും എഴുതിത്തള്ളിയ ബാങ്കിനെ എംഡിയും സിഇഒവുമായ റോമേഷ് സോബ്തി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് വലിയ പാഠാമാണെന്ന് മാസിക വിലയിരുത്തുന്നു.  അദ്ദേഹത്തിന്റെ നയങ്ങളിലുള്ള വ്യക്തത, ഇന്നൊവേറ്റീവായ പദ്ധതി നടപ്പാക്കല്‍ രീതികള്‍ തുടങ്ങിയവയെല്ലാം കമ്പനിയുടെ വളര്‍ച്ചയെ സഹായിച്ചു.
 
ഫോബ്‌സ് പട്ടികയില്‍ ഇത്തവണയും ചൈനീസ് കമ്പനികളാണ് ആധിപത്യം പുലര്‍ത്തുന്നത്. 22 ചൈനീസ് കമ്പനികളാണ് പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയ്ക്ക് പട്ടികയിലിടം നേടാനായില്ല. ഈ വര്‍ഷത്തെ പട്ടികയില്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കമ്പനികളുടെ എണ്ണത്തില്‍ കുറവുണ്ടായതായതായാണ് കാണുന്നത്. ചൈനയില്‍ നിന്നുള്ള 25 കമ്പനികളും ഇന്ത്യയില്‍ നിനന്ുള്ള 10 കമ്പനികളുമാണ്  കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലുണ്ടായിരുന്നത്. 2014 ല്‍ ഇന്ത്യയില്‍ നിന്നും 12 കമ്പനികളാണുണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന കമ്പനികളില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ലുപിന്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റാന്‍ എന്നിവ ഇപ്രാവശ്യം പുറത്തായതും ശ്രദ്ധേമാണ്.

Comments

comments

Categories: Slider, Top Stories